കുഡുപുവില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി മലയാളി യുവാവ് കൊല്ലപ്പെട്ട കേസ്: ഗോകക്കില്‍ നിന്നും ഒരാള്‍ കൂടി അറസ്റ്റില്‍; ഇതോടെ പിടിയിലായവരുടെ എണ്ണം 21 ആയി
സംഭവത്തിന് ശേഷം ഒളിവില്‍ പോയ അനില്‍ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മംഗലാപുരം: കുഡുപുവില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി മലയാളി യുവാവ് കൊല്ലപ്പെട്ട കേസില്‍ ഒരു പ്രതി കൂടി അരസ്റ്റില്‍. ഇതോടെ സംഭവവുമായി ബന്ധിപ്പെട്ട് 21 പേരെ പൊലീസ് അറസ്റ്റുചെയ്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അനില്‍ എന്നയാളെയാണ് ഗോകക്കില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്.
അനിലിന് പിന്നാലെ ക്രൂരമായ ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ മറ്റുള്ളവരെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അന്വേഷണത്തിന്റെ ഭാഗമായി, സംഭവദിവസം സ്ഥലത്തുണ്ടായിരുന്ന 15 ഓളം പേര്‍ക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവരില്‍ പലരുടെയും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
കുഡുപു അധികാരപരിധിയിലുടനീളമുള്ള സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. അന്നത്തെ സംഭവങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും തിരിച്ചറിയുന്നതിനുമായി ദൃക്സാക്ഷികളുടെ സഹായം തേടാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.
അന്വേഷണം പുരോഗമിക്കുമ്പോഴും, സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല. 'ആക്രമണത്തിന് പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ഇതുവരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടില്ല. ആരോപിക്കപ്പെടുന്ന മുദ്രാവാക്യങ്ങള്‍ സംബന്ധിച്ച് ഇതുവരെ ശക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും' പൊലീസ് കമ്മീഷണര്‍ അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.