എസ്.എസ്.എല്‍.സി പരീക്ഷയില്‍ മകന്‍ പരാജയപ്പെട്ടു; മനോവീര്യം പകരാന്‍ കേക്ക് മുറിച്ച് ആഘോഷിച്ച് മാതാപിതാക്കള്‍

625 ല്‍ 200 മാര്‍ക്ക് ആയിരുന്നു കുട്ടി നേടിയത്.

ബാഗല്‍കോട്ട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മകന്‍ പരാജയപ്പെട്ടതിന് പിന്നാലെ മനോവീര്യം പകരാന്‍ കേക്ക് മുറിച്ച് ആഘോഷിച്ച് മാതാപിതാക്കളും കുടുംബാംഗങ്ങളും. മകന്റെ മനോവീര്യം വര്‍ദ്ധിപ്പിക്കാനും അവനില്‍ ആത്മവിശ്വാസം വളര്‍ത്താനും കുടുംബം ശ്രമിച്ചു. വീണ്ടും പരീക്ഷ എഴുതാന്‍ അവര്‍ മകനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ മക്കളെ വഴക്ക് പറയുകയും, അപമാനിക്കുകയും മര്‍ദിക്കുകയുമൊക്കെ ചെയ്യുന്ന ഈ കാലത്താണ് വേറിട്ട കാഴ്ചപ്പാടിലൂടെ മകനെ ആശ്വസിപ്പിക്കാനും അവനെ പ്രേത്സാഹിപ്പിക്കാനുമുള്ള ഈ മാതാപിതാക്കളുടെ ശ്രമം. കര്‍ണാടകയിലെ ബാഗല്‍കോട്ടിലെ ഒരു കുടുംബമാണ് വ്യത്യസ്ത കാഴ്ചപ്പാടിലൂടെ ശ്രദ്ധിക്കപ്പെട്ടത്.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ആറ് വിഷയങ്ങളിലും പരാജയപ്പെട്ട കുട്ടി അസ്വസ്ഥനായിരുന്നു. 'കുട്ടിക്കാലത്ത് നടന്ന ഒരു അപടത്തില്‍ മകന്റെ കാലുകള്‍ക്ക് പൊള്ളലേറ്റു, അത് അവന്റെ ഓര്‍മ്മശക്തിയെയും ബാധിച്ചു. ഇതുമൂലമാണ് മകന് ശരിയായ രീതിയില്‍ പരീക്ഷ എഴുതാന്‍ കഴിയാത്തത്.

പരീക്ഷകള്‍ ജീവിതത്തിലെ അവസാന ഘട്ടമല്ല. വീണ്ടും ശ്രമിക്കാന്‍ ഞങ്ങള്‍ അവനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്'- എന്നും മാതാപിതാക്കള്‍ പറയുന്നു. 'പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു. എന്നാല്‍ എന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെ എന്റെ എല്ലാ കുടുംബാംഗങ്ങളും എന്നെ പ്രോത്സാഹിപ്പിച്ചു. അവര്‍ ഒരു കേക്ക് മുറിച്ച് ആഘോഷിച്ച് എനിക്ക് വേണ്ട പ്രോത്സാഹനം തന്നു. വിജയിക്കാനായി ഞാന്‍ ട്രൈ ചെയ്യും- എന്നായിരുന്നു ഇതേ കുറിച്ചുള്ള മകന്റെ പ്രതികരണം.

625 ല്‍ 200 മാര്‍ക്ക് ആയിരുന്നു കുട്ടി നേടിയത്. വിജയിക്കാന്‍ ഏകദേശം 32 ശതമാനം മാര്‍ക്കെങ്കിലും വേണ്ടിയിരുന്നു.സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍, '220/625' എന്ന് എഴുതിയ കേക്ക് കുടുംബം കുട്ടിക്ക് കൊടുക്കുന്നത് കാണാം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

പരീക്ഷാ സമ്മര്‍ദ്ദവും അക്കാദമിക് സമ്മര്‍ദ്ദവും വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്ന ഈ കാലത്ത്, കുടുംബത്തിന്റെ പ്രതികരണത്തെ പോസിറ്റീവ് പാരന്റിംഗിന്റെ ഒരു ഉദാഹരണമായാണ് ഓണ്‍ലൈനില്‍ പലരും പ്രശംസിച്ചത്.

കര്‍ണാടക സ്‌കൂള്‍ എക്‌സാമിനേഷന്‍ ആന്‍ഡ് അസസ്‌മെന്റ് ബോര്‍ഡ് (കെ.എസ്.ഇ.എ.ബി) വെള്ളിയാഴ്ചയാണ് പത്താം ക്ലാസ് (എസ്.എസ്.എല്‍.സി) പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചത്. ഈ വര്‍ഷം 22 വിദ്യാര്‍ത്ഥികള്‍ 625 ല്‍ 625 മാര്‍ക്ക് നേടി.

മൊത്തത്തിലുള്ള വിജയശതമാനം 66.14 ശതമാനമാണ്. അതേസമയം റിപ്പീറ്റര്‍മാരും പ്രൈവറ്റ് ആയി പരീക്ഷ എഴുതിയവരേയും കൂട്ടി മൊത്തം വിജയശതമാനം 62.34 ശതമാനമായിരുന്നു, കഴിഞ്ഞ വര്‍ഷം ഇത് 53 ശതമാനമായിരുന്നു.

മാര്‍ച്ച് 21 നും ഏപ്രില്‍ 4 നും ഇടയില്‍ സംസ്ഥാനത്തെ 2,818 കേന്ദ്രങ്ങളിലായാണ് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ നടന്നത്. ആകെ 8,42,173 വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 5,24,984 പേര്‍ വിജയിച്ചു.

ഇതില്‍ 74 ശതമാനവും പെണ്‍കുട്ടികളാണ്. 58.07 ശതമാനം ആണ്‍കുട്ടികളും. സ്‌കൂള്‍ വിഭാഗങ്ങളില്‍, അണ്‍ എയ്ഡഡ് സ്‌കൂളുകളാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം നേടിയത് 75.59 ശതമാനം. സര്‍ക്കാര്‍ സ്‌കൂളുകള്‍ 62.7 ശതമാനവും, എയ്ഡഡ് സ്‌കൂളുകള്‍ 58.97 ശതമാനവും നേടി.

Related Articles
Next Story
Share it