കര്‍ണാടക ബന്ദ്; പലയിടത്തും വ്യാപക പ്രതിഷേധം; അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനത്തുടനീളം വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍

മംഗളൂരു: കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. മറാത്തി സംസാരിക്കാന്‍ അറിയാത്തതിന്റെ പേരില്‍ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കണ്ടക്ടറെ ബെലഗാവിയില്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ 12 മണിക്കൂര്‍ സംസ്ഥാന വ്യാപക ബന്ദിനാണ് കന്നഡ സംഘടനകളുടെ കൂട്ടായ്മ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 28 നാണ് വിവിധ കന്നഡ അനുകൂല ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്ന സംഘടനയായ 'കന്നഡ ഒക്കുട' മാര്‍ച്ച് 22 ന് രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ സംസ്ഥാനവ്യാപക ബന്ദ് നടത്തുമെന്ന് പ്രഖ്യാപിച്ചത്.

ബിഎംടിസി തൊഴിലാളികള്‍ അടക്കം ബന്ദിന് പിന്തുണയര്‍പ്പിച്ചിട്ടുണ്ട്. കര്‍ണാടകയിലെ മറാത്തി ഗ്രൂപ്പുകളെ നിരോധിക്കുക അടക്കമുള്ള ആവശ്യങ്ങളാണ് കന്നഡ സംഘടനകള്‍ ഉയര്‍ത്തിയിരിക്കുന്നത്.

കഴിഞ്ഞദിവസം ബെല്‍ഗാവിയില്‍ മറാത്തി സിനിമയുടെ പ്രദര്‍ശനവും തടഞ്ഞിട്ടുണ്ട്. കര്‍ണാടക രക്ഷണ വേദിക എന്ന സംഘടനയാണ് സിനിമാപ്രദര്‍ശനം തടഞ്ഞത്. 'ഫോളോവര്‍' എന്ന ഈ മറാത്തി സിനിമയില്‍ കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കത്തെ കുറിച്ചുള്ള പരാമര്‍ശമുണ്ടെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി തെരുവിലിറങ്ങി. കടയുടമകളോട് സഹകരിക്കാനും പിന്തുണ നല്‍കാനും അഭ്യര്‍ത്ഥിച്ചു. എന്നാല്‍ മിക്ക കടകളും പതിവുപോലെ തുറന്നിരുന്നു.

മൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ ഒത്തുകൂടിയ പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് മുദ്രാവാക്യം വിളിച്ചു. സംസ്ഥാന തലസ്ഥാനത്തെ മജസ്റ്റിക്കിലെ ബി.എം.ടി.സി, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

ബന്ദിനുള്ള ആഹ്വാനത്തെ പിന്തുണയ്ക്കാന്‍ ബസ് ഡ്രൈവര്‍മാരോടും കണ്ടക്ടര്‍മാരോടും പ്രതിഷേധക്കാര്‍ അഭ്യര്‍ത്ഥിച്ചു. പ്രതിഷേധക്കാരുടെ പ്രക്ഷോഭം രൂക്ഷമായതോടെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൈസൂരുവില്‍, സബര്‍ബന്‍ ബസ് സ്റ്റാന്‍ഡില്‍ ചില കന്നഡ അനുകൂല പ്രവര്‍ത്തകര്‍ ബസുകള്‍ തടഞ്ഞുകൊണ്ട് കുത്തിയിരിപ്പ് സമരം നടത്തി.

ബംഗളൂരുവിലേക്കും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പോകുന്ന ബസുകള്‍ തടയാന്‍ എക്‌സിറ്റ് ഗേറ്റിന് സമീപം പ്രകടനക്കാര്‍ ധര്‍ണ നടത്തി.

മൈസൂരുവില്‍ ഒരു കെ.എസ്.ആര്‍.ടി.സി ബസ് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കന്നഡ അനുകൂല ഗ്രൂപ്പുകളിലെ ചിലരെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു.

ദാവന്‍ഗെരെയിലും പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. കെ.എസ്.ആര്‍.ടി.സി ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തിയെങ്കിലും വടക്കന്‍ കര്‍ണാടകയിലെ ഈ അതിര്‍ത്തി പട്ടണത്തിലേക്ക് മഹാരാഷ്ട്രയില്‍ നിന്ന് ബസുകളുടെ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ടെന്ന് ബെലഗാവിയിലെ വൃത്തങ്ങള്‍ പറഞ്ഞു. ഇവിടെയാണ് ഭാഷാ തര്‍ക്കത്തിന്റെ പേരില്‍ പ്രതിഷേധം കേന്ദ്രമായിരുന്നു.

ബാലെകുന്ദ്രിയില്‍ ഒരു ബസ് കണ്ടക്ടറെ ആക്രമിച്ചതിന് പുറമേ, മറാത്തി സംസാരിക്കാത്തതിന് അടുത്തിടെ ബെലഗാവിയിലെ കിനയെ ഗ്രാമത്തില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ച സംഭവവും നടന്നിരുന്നു.

മഹാരാഷ്ട്രയുടെ അതിര്‍ത്തിയിലുള്ള ബെലഗാവിയില്‍ മറാത്തികള്‍ ഏറെയുണ്ട്. അവിടെ ഇടയ്ക്കിടെ അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരുന്നു. രണ്ട് കേസുകളിലെയും പ്രതികളെ കസ്റ്റഡിയിലെടുത്തു.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനത്തുടനീളം വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുന്നു.

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ ബന്ദ് സമാധാനപരമായി ആചരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് മുന്‍കരുതല്‍ നടപടിയായി വിവിധ ജില്ലകളില്‍ പൊലീസ് ഹോം ഗാര്‍ഡുകളെയും സിറ്റി ആംഡ് റിസര്‍വ് യൂണിറ്റിനെയും വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബന്ദില്‍ പങ്കെടുക്കാന്‍ ആളുകളെ നിര്‍ബന്ധിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബംഗളൂരു പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ മുന്നറിയിപ്പ് നല്‍കി.

മുന്‍കരുതല്‍ നടപടിയായി ബംഗളൂരു നഗരത്തില്‍ 60 കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പൊലീസ് പ്ലാറ്റൂണുകള്‍, 1,200 ഹോം ഗാര്‍ഡുകള്‍, മുഴുവന്‍ സിവില്‍, ട്രാഫിക് പൊലീസ് സേനയെയും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമാധാനം നിലനിര്‍ത്താനും നിയമം പാലിക്കാനും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 'സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ ഞങ്ങള്‍ സംരക്ഷിക്കും. എല്ലാവരും സമാധാനം പാലിക്കുകയും നിയമം പാലിക്കുകയും വേണം. എന്നിരുന്നാലും, ഒരു ബന്ദിന്റെ ആവശ്യമില്ലെന്ന് തോന്നുന്നു,' - എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബന്ദിനെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ ജഗദീഷ ജി പറഞ്ഞു.

ചില സംഘടനകളും യൂണിയനുകളും ബന്ദില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയും ധാര്‍മ്മിക പിന്തുണ നല്‍കുകയും ചെയ്തു. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍, ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതു റോഡ് ഗതാഗത കോര്‍പ്പറേഷനുകള്‍ പ്രവര്‍ത്തനക്ഷമമായി തുടരുമെന്ന് ഒരു മുതിര്‍ന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. എന്നാല്‍ നിലവിലെ സ്ഥിതി അനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചില ഓട്ടോറിക്ഷകള്‍, ക്യാബുകള്‍, സ്വകാര്യ ഡ്രൈവര്‍മാരുടെ യൂണിയനുകള്‍, അസോസിയേഷനുകള്‍ എന്നിവ ബന്ദിന് പിന്തുണ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഹോട്ടല്‍ അസോസിയേഷനുകള്‍, മാളുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ ധാര്‍മ്മിക പിന്തുണ മാത്രമേ വാഗ്ദാനം ചെയ്തിട്ടുള്ളൂവെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, അടിയന്തര സേവനങ്ങളായ ഫാര്‍മസികള്‍, ആശുപത്രികള്‍, ആംബുലന്‍സ് സേവനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, മെട്രോ സേവനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും.

Related Articles
Next Story
Share it