പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് സര്‍വീസുമായി കര്‍ണാടക സര്‍ക്കാര്‍

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് ഡി കെ ശിവകുമാര്‍

ബെംഗളൂരു: എല്‍കെജി മുതല്‍ പിയുസി വരെയുള്ള പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് സര്‍വീസ് പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനുമായാണ് ഇത്തരമൊരു സംരംഭം പ്രഖ്യാപിച്ചത്.

സംസ്ഥാനത്തുടനീളമുള്ള കര്‍ണാടക പബ്ലിക് സ്‌കൂളുകളില്‍ (കെപിഎസ്) ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായുള്ള വിവരം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തന്റെ ഔദ്യോഗിക എക്സ് (മുമ്പ് ട്വിറ്റര്‍) അക്കൗണ്ടില്‍ പങ്കുവച്ചു. സര്‍ക്കാര്‍ സ്‌കൂളുകളെ ശക്തിപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിലയും വിദ്യാഭ്യാസ നിലവാരവും മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കര്‍ണാടക പബ്ലിക് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം എളുപ്പമാക്കുന്നതിനും അവര്‍ക്ക് ഗതാഗത തടസ്സങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് പുതിയ തീരുമാനമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

സൗജന്യ ബസ് സര്‍വീസ് സംരംഭം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് പിന്നോക്ക പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരെ സഹായിക്കുകയും ഗുണനിലവാരമുള്ള വിദ്യാഭ്യാസം കൂടുതല്‍ പ്രാപ്യവും നീതിയുക്തവുമാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Related Articles
Next Story
Share it