ഗതാഗത നിയമലംഘന പിഴകളില്‍ 50% ഇളവ് പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍
ദീര്‍ഘകാലമായി പിഴയടയ്ക്കാതെ കിടക്കുന്ന വാഹന ഉടമകള്‍ക്ക് സര്‍ക്കാരിന്റെ നടപടി ആശ്വാസകരമാണ്

ബെംഗളൂരു: ഗതാഗത നിയമലംഘന പിഴകളില്‍ 50% ഇളവ് പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ദീര്‍ഘകാലമായി പിഴയടയ്ക്കാതെ കിടക്കുന്ന വാഹന ഉടമകള്‍ക്ക് ആശ്വാസകരമാണ് സര്‍ക്കാരിന്റെ നടപടി. പരിമിതമായ കാലയളവിലേക്ക് ഇളവ് അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.
നേരത്തെ, കര്‍ണാടക സര്‍ക്കാര്‍ സമാനമായ ഇളവ് നല്‍കിയിരുന്നു. ഇത് കെട്ടിക്കിടക്കുന്ന പിഴകളില്‍ നിന്നും ഗണ്യമായ തുക ഈടാക്കാന്‍ സഹായിച്ചിരുന്നു. പദ്ധതി വിജയകരമായതോടെയാണ് വീണ്ടും ഇളവ് അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് 23 നും സെപ്റ്റംബര്‍ 9 നും ഇടയില്‍ പിഴ തുകയുടെ പകുതി മാത്രം അടച്ച് കുടിശ്ശിക തീര്‍ക്കാം.
സംസ്ഥാന ഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറി പുഷ്പ വി എസ് ആണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്. വിഞ്ജാപനം അനുസരിച്ച്, സെപ്റ്റംബര്‍ 12 വരെ പദ്ധതി പ്രാബല്യത്തിലുണ്ട്. പൊലീസ് വകുപ്പിന്റെ ഇ-ചലാന്‍ സംവിധാനത്തില്‍ 2023 ഫെബ്രുവരി 11 വരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് മാത്രമേ ഈ ഇളവ് ബാധകമാകൂ എന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വര്‍ഷങ്ങളായി പിഴ അടയ്ക്കാത്തവരെ ലക്ഷ്യം വച്ചാണ് ഈ ഓഫര്‍ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 2023 ഫെബ്രുവരി 12 ന് ശേഷം രേഖപ്പെടുത്തിയ ലംഘനങ്ങള്‍ക്ക്, അടുത്ത വര്‍ഷവും സമാനമായ രീതിയില്‍ ഇളവ് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.