പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളില്‍ കൂറ്റന്‍ മരം വീണു; വാഹനം പൂര്‍ണമായും തകര്‍ന്നു; യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
വന്‍ ദുരന്തം ഒഴിവായത് മരം വീഴുന്നത് കണ്ട് 3 പേരും പുറത്തേക്ക് ഓടിയതിനാല്‍

കഡബ: പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളില്‍ കൂറ്റന്‍ മരം വീണ് വാഹനം പൂര്‍ണമായും തകര്‍ന്നു. കടബ-ഉപ്പിനങ്ങാടി സംസ്ഥാന പാതയോരത്ത് രാമകുഞ്ച ഗ്രാമത്തിലെ ആറ്റൂരിന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. പാര്‍ക്ക് ചെയ്തിരുന്ന മാരുതി 800 കാറിന് മുകളില്‍ ഒരു കൂറ്റന്‍ മാവ് വീഴുകയായിരുന്നു. സംഭവത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
പ്രദേശവാസിയായ അബ്ദുള്‍ സലീം എന്നയാളുടെ കാറായിരുന്നു അപകടത്തില്‍പ്പെട്ടത്. കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത് അടുത്തുള്ള കടയിലേക്ക് പോയതായിരുന്നു അബ്ദുള്‍ സലീം. സുഹൃത്തുക്കളായ അബ്ദുള്‍ റഹിമാന്‍, റംലാന്‍, അബ്താസ് എന്നിവര്‍ കാറിനുള്ളില്‍ തന്നെ ഇരുന്നു.
ഇതിനിടെ സമീപത്തെ വലിയ മാവ് അപകടകരമായി ആടുന്നത് ശ്രദ്ധയില്‍പ്പെട്ട മൂന്നുപേരും ഉടന്‍ തന്നെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി ഓടുകയായിരുന്നു. അപ്പോഴേക്കും മരം വേരോടെ താഴെ വീണു. സംഭവത്തെ തുടര്‍ന്ന് കുറച്ചുനേരം റോഡ് ഗതാഗതം തടസ്സപ്പെട്ടു.
പ്രദേശവാസികളായ യുവാക്കള്‍ ഉടന്‍ തന്നെ മരം മുറിച്ചുമാറ്റി റോഡ് ഗതാഗതം സുഗമമാക്കി. പിന്നീട്, കാറില്‍ വീണിരുന്ന മരത്തിന്റെ ഭാഗം എക്സ്‌കവേറ്റര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റി. സംഭവത്തില്‍ സമീപത്തെ വൈദ്യുതി ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
ആലങ്കാരു ഗ്രാമത്തിലെ നെക്കരെയ്ക്ക് സമീപം ദേശീയപാതയില്‍ നടന്ന മറ്റൊരു സംഭവത്തില്‍, ഒരു മരം റോഡിലേക്ക് വീണ് വാഹന ഗതാഗതം തടസപ്പെടുത്തി. രാമകുഞ്ച ഗ്രാമത്തിലെ കുന്ദജെയില്‍, ഒരു വീടിന് മുകളില്‍ മരം വീണ് കെട്ടിടത്തിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.