കങ്കനാടിയിലെ മാക് മാള്‍ പാര്‍ക്കിംഗ് ഏരിയയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹുക്ക ബാറില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന; 3 പേര്‍ അറസ്റ്റില്‍
ഹുക്ക ഉപകരണങ്ങളും പുകയില ഉല്‍പ്പന്നങ്ങളും പൊലീസ് പിടിച്ചെടുത്തു.

മംഗളൂരു: ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കങ്കനാടിയിലെ മാക് മാള്‍ പാര്‍ക്കിംഗ് ഏരിയയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹുക്ക ബാറില്‍ മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) പൊലീസിന്റെ മിന്നല്‍ പരിശോധന. ബ്ലാക്ക് മൂണ്‍ റെസ്റ്റോ കഫേ എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനത്തിന് ഒരു കഫറ്റീരിയയുടെ ട്രേഡ് ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും ചട്ടങ്ങള്‍ ലംഘിച്ചാണ് ഹുക്ക ബാര്‍ നടത്തുന്നതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
ബാറില്‍ അനധികൃത സജ്ജീകരണം നടത്തിയെന്നാരോപിച്ച് സിദ്ദീഖ് എന്ന എം.എഫ്.സി സിദ്ദീഖ്, അബ്ദുള്‍ നസീര്‍, സഫ്വാന്‍ എന്നീ മൂന്ന് പേരെ മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിവസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ഈ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പരിശോധനയില്‍ ഹുക്ക ഉപകരണങ്ങളും പുകയില ഉല്‍പ്പന്നങ്ങളും പൊലീസ് പിടിച്ചെടുത്തു.
സി.സി.ബി എ.സി.പി മനോജ് കുമാര്‍ നായിക്കിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ റഫീഖ് കെ.എമ്മിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പി.ഐ സുദീപ് എം.വി, എ.എസ്.ഐ സുജന്‍ ഷെട്ടി, മംഗളൂരു ഈസ്റ്റ് പൊലീസ് എന്നിവരുടെ പിന്തുണയോടെയാണ് ഓപ്പറേഷന്‍ നടത്തിയത്.