5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതിയുടെ സംസ്‌കാരം 20 ദിവസത്തിന് ശേഷം നടത്തി

സിഐഡിയിലെയും റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍

ഹുബ്ബള്ളി: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതിയുടെ സംസ്‌കാരം സംഭവം നടന്ന് 20 ദിവസത്തിന് ശേഷം നടത്തി. ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ റിതേഷ് കുമാറിന്റെ സംസ്‌കാരമാണ് കൊല്ലപ്പെട്ട് 20 ദിവസത്തിന് ശേഷം നടത്തിയത്. ശനിയാഴ്ച സിഐഡിയിലെയും റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

ഏപ്രില്‍ 13 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച റിതേഷ് കുമാര്‍ പിന്നീട് നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ ശുചിമുറിയില്‍ വെച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവം പുറത്തുവന്നതോടെ വ്യാപകമായ പ്രതിഷേധമാണ് ഉടലെടുത്തത്.

ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സമ്മര്‍ദത്തിന് പിന്നാലെ അശോകനഗര്‍ പൊലീസ് അന്വേഷണം ശക്തമാക്കുകയും വൈകുന്നേരത്തോടെ പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പ്രതിയുമായി പൊലീസ് അയാള്‍ ഒളിച്ചിരുന്ന ഷെഡിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയി. ഇതിനിടെ പ്രതി പൊലീസിനെ ആക്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. പ്രതിക്ക് നേരെ രണ്ടുതവണ വെടിയുതിര്‍ത്ത് പൊലീസ് മുന്നറിയിപ്പ് നല്‍കിയെങ്കിലും അയാള്‍ നില്‍ക്കാന്‍ തയാറാകാതെ രക്ഷപ്പെടാനുള്ള ശ്രമം തുടര്‍ന്നു. ഇതോടെ പ്രതിയുടെ നേരെ പൊലീസ് നിറയൊഴിക്കുകയും മരണം സംഭവിക്കുകയും ചെയ്തു.

ഇതിനിടെ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി (പിഐഎല്‍) ഫയല്‍ ചെയ്തു. ഇതേതുടര്‍ന്ന് ഏറ്റുമുട്ടലില്‍ മരിച്ച റിതേഷിന്റെ മൃതദേഹം കെഎംസി ആര്‍ഐ മോര്‍ച്ചറിയിലെ കോള്‍ഡ് സ്റ്റോറേജിലേക്ക് മാറ്റി.

മൃതദേഹം അഴുകാന്‍ തുടങ്ങിയപ്പോള്‍, ഇക്കാര്യം ചൂണ്ടിക്കാട്ടി സിഐഡി പൊലീസ് മൃതദേഹം കസ്റ്റഡിയില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎംസി ആര്‍ഐക്ക് കത്തെഴുതി. മൃതദേഹം അഴുകി തുടങ്ങിയതിനാല്‍ സംസ്‌കരിക്കണമെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു.

സംഭവത്തില്‍ അന്വേഷണം നടത്തിയ കോടതി സംസ്‌കാരത്തിന് അനുമതി നല്‍കി. തുടര്‍ന്ന് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം സിഐഡി എ.എസ്.പി വെങ്കിടേഷിന്റെ സാന്നിധ്യത്തില്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബിഡനാല സെമിത്തേരിയിലെത്തിച്ച് മുനിസിപ്പല്‍ ജീവനക്കാര്‍ സംസ്‌ക്കരിക്കുകയും നടപടിക്രമങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

സിഐഡി എസി വെങ്കിടേഷ്, സിറ്റി തഹസില്‍ദാര്‍ കലന്‍ഗൗഡ, എസിപി ശിവപ്രകാശ് നായക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രതിയുടെ മരണ വിവരവും മൃതദേഹം സംസ്‌ക്കരിക്കുന്ന കാര്യവും അറിയിക്കാന്‍ കുടുംബത്തെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബിഹാര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കുടുംബാംഗങ്ങളെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് ഒടുവില്‍ പൊലീസ് തന്നെ സംസ്‌കാര ചടങ്ങ് നടത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

Related Articles
Next Story
Share it