ബസ് ഡ്രൈവറില്‍ നിന്ന് പാമ്പ് രക്ഷകനിലേക്ക്: ഇതുവരെ രക്ഷിച്ചത് 4,500 ഉരഗങ്ങളെ; അവിശ്വസനീയ യാത്രയുമായി രംഗനാഥ്

ഏകദേശം 30 വര്‍ഷമായി അദ്ദേഹം സൗജന്യമായി പാമ്പുകളെ പിടിക്കുന്നു

ബെംഗളൂരു: രംഗനാഥ് കെ എന്ന BMTC ബസ് ഡ്രൈവറെ അറിയാത്തവരാരും തന്നെ കര്‍ണാടയില്‍ ഉണ്ടാകില്ല. പാമ്പുകളുടെ രക്ഷകനായി ഉഴിഞ്ഞുവച്ച ജീവിതമാണ് അദ്ദേഹത്തിന്റേത്. പകല്‍ ബസ് ഡ്രൈവറായും, രാത്രിയില്‍ ഉരഗങ്ങളുടെ രക്ഷകനായും അദ്ദേഹം എത്തുന്നു.

ഗണകലിനും ശിവാജിനഗറിനും ഇടയിലുള്ള 242JA റൂട്ടിലൂടെയാണ് ദിവസവും രംഗനാഥ് തന്റെ ബസ് ഓടിക്കുന്നത്. രാത്രി കാലങ്ങളില്‍ അദ്ദേഹം തന്റെ ജീവിതം ഉരഗങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്ക്കുന്നു. ഇതുവരെ കര്‍ണാടകയിലുടനീളമുള്ള 4,500-ലധികം പാമ്പുകളെയാണ് അപകടത്തില്‍ നിന്നോ മരണത്തില്‍ നിന്നോ ഒക്കെയായി അദ്ദേഹം രക്ഷിച്ചത്.

ഇപ്പോള്‍ 44 വയസ്സുള്ള രംഗനാഥ് ശാന്തമായ കുടുംബ ജീവിതം നയിക്കുന്നു. ഏകദേശം 30 വര്‍ഷമായി അദ്ദേഹം സൗജന്യമായി പാമ്പുകളെ പിടിക്കുന്നു. ഇത്തരത്തില്‍ പിടിക്കുന്നവയില്‍ മൂര്‍ഖന്‍ പാമ്പുകള്‍ മുതല്‍ സാധാരണ പാമ്പുകള്‍ വരെ ഉണ്ട്.

പാമ്പിനെ പിടിച്ചാല്‍ അദ്ദേഹം ആരില്‍ നിന്നും പണം വാങ്ങാറില്ലെങ്കിലും ചിലപ്പോള്‍ ഇന്ധനച്ചെലവ് വഹിക്കാന്‍ കുറച്ച് പണം അദ്ദേഹം സ്വീകരിക്കാറുണ്ട്. പാമ്പിന്റെ ആക്രമണങ്ങളില്‍ നിന്നും രക്ഷനേടാനുള്ള പരമ്പരാഗത ചികിത്സയും അദ്ദേഹം പരിശീലിക്കുന്നു, ഇപ്പോള്‍ ആ അറിവ് എട്ടാം ക്ലാസില്‍ പഠിക്കുന്ന തന്റെ ഇളയ മകനും അദ്ദേഹം കൈമാറുന്നുണ്ട്.

പാമ്പിനെ കണ്ട് പരിഭ്രമിക്കുന്ന ഏതൊരാള്‍ക്കും അദ്ദേഹം നല്‍കുന്ന ഉപദേശം ഇതാണ്: 'അനങ്ങാതെ നില്‍ക്കുക. ഓടരുത്. പാമ്പുകള്‍ ആക്രമണകാരികളല്ല - അല്‍പം സാവകാശം നല്‍കിയാല്‍ അവ ഇഴഞ്ഞുപോകും'- എന്നാണ്.

ഇതിനോടകം തന്നെ രംഗനാഥിന്റെ നിസ്വാര്‍ഥ സേവനത്തിന് അദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചിട്ടുണ്ട്. കന്നഡ സേവാ രത്ന, കന്നഡ രാജ്യോത്സവ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. 2025-ല്‍, അമേരിക്കന്‍ വിസ്ഡം പീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള രണ്ടാമത്തെ ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാന്‍ അദ്ദേഹം ആദ്യമായി മലേഷ്യയിലേക്ക് വിദേശ യാത്രയും നടത്തി.

എന്നാല്‍ അംഗീകാരം തന്റെ ലക്ഷ്യമല്ലെന്നാണ് രംഗനാഥ് പറയുന്നത്. 'എനിക്ക് പണമോ പ്രശസ്തിയോ വേണ്ട. ഹൃദയത്തോടെയും വിനയത്തോടെയും സേവിച്ച ഒരാളായി ആളുകള്‍ എന്നെ ഓര്‍ക്കണമെന്ന് മാത്രം ആഗ്രഹിക്കുന്നു'- എന്നാണ് രംഗനാഥ് പറയുന്നത്.

Related Articles
Next Story
Share it