കര്‍ണാടക മുന്‍ എംപി പ്രജ്വല്‍ രേവണ്ണ ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് കോടതി
പാര്‍ട്ടി പ്രവര്‍ത്തകരും വീട്ടുജോലിക്കാരും അടക്കം നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നുമാണ് രേവണ്ണയ്ക്ക് എതിരായ കേസ്.

ബെംഗളൂര്‍: ജനതാദള്‍ (സെക്കുലര്‍) നേതാവും കര്‍ണാടക മുന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഹാസന്‍ ജില്ലയിലെ ഹോളേനരസിപുര റൂറല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നാല് ബലാത്സംഗ കേസുകളില്‍ ആദ്യത്തേതിലാണ് പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ശിക്ഷ ശനിയാഴ്ച വിധിക്കും.
പാര്‍ട്ടി പ്രവര്‍ത്തകരും വീട്ടുജോലിക്കാരും അടക്കം നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നുമാണ് രേവണ്ണയ്ക്ക് എതിരായ കേസ്. കഴിഞ്ഞ വര്‍ഷം ഫയല്‍ ചെയ്ത നാല് ക്രിമിനല്‍ കേസുകളില്‍ ഒന്നാം പ്രതിയാണ് രേവണ്ണ. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍.
എംപിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലെ മുന്‍ ജോലിക്കാരിയായ യുവതിയാണ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ബലാത്സംഗം ആരോപിച്ച് പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് കേസെടുക്കുകയും മെയ് 2 ന് കോടതിയില്‍ വിചാരണ ആരംഭിക്കുകയും ചെയ്തു. വിധി പ്രസ്താവിച്ച ശേഷം കോടതിയില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ പ്രജ്വല്‍ രേവണ്ണ വികാരാധീനനായി കാണപ്പെട്ടു.