കര്‍ണ്ണാടക മുന്‍ ഡി.ജി.പിയുടെ കൊലപാതകത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍; തന്നെയും മകളെയും വെടിവെച്ചുകൊല്ലുമെന്ന് ഭയന്ന് സ്വയരക്ഷക്കാണ് കൊല നടത്തിയതെന്ന് ഭാര്യയുടെ മൊഴി
കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍

ബംഗളൂരു: കര്‍ണ്ണാടക മുന്‍ ഡി.ജി.പി ഓം പ്രകാശിനെ(68) ബംഗളൂരുവിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്നു. ഓംപ്രകാശിന്റെ ഭാര്യ പല്ലവിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ കാരണം വ്യക്തമായത്.
കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഓം പ്രകാശ് തന്നെയും മകളെയും കൊല്ലാന്‍ ശ്രമിച്ചെന്നും പല്ലവി വെളിപ്പെടുത്തി. തോക്ക് ചൂണ്ടി തനിക്കും മകള്‍ക്കും നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചു. ഇതോടെ സ്വയരക്ഷക്ക് ഓംപ്രകാശിന് നേരെ കത്തിയെടുത്ത് വീശുകയായിരുന്നു. കഴിഞ്ഞദിവസം രാവിലെ മുതല്‍ ഇരുവരും തമ്മില്‍ കലഹമുണ്ടായിരുന്നു.
ഇതിനിടയിലാണ് ഓം പ്രകാശ് തോക്ക് ചൂണ്ടി ഭീഷണിമുഴക്കിയത്. രക്ഷപ്പെടാന്‍ ഓം പ്രകാശിന്റെ ദേഹത്തേക്ക് മുളകു പൊടി വിതറുകയും വെളിച്ചെണ്ണ ഒഴിക്കുകയും ചെയ്തു. എന്നിട്ടും ഭീഷണി തുടര്‍ന്നതോടെ ഗത്യന്തരമില്ലാതെ കറിക്കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും കൊലപാതകം നടക്കുന്ന സമയത്ത് മകള്‍ വീട്ടിലുണ്ടായിരുന്നുവെന്നും പല്ലവി മൊഴി നല്‍കി.
ഗുരുതരമായി പരിക്കേറ്റ ഓംപ്രകാശ് രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ പല്ലവിയെയും മകള്‍ കൃതിയെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊല നടത്തിയത് ഭാര്യ പല്ലവിയും മകളും ചേര്‍ന്നാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലയ്ക്ക് കാരണം സ്വത്ത് തര്‍ക്കമാണെന്നും സൂചനയുണ്ട്.
മകനും സഹോദരിക്കും ഓം പ്രകാശ് സ്വത്ത് എഴുതിവെച്ചത് പല്ലവിയെയും മകള്‍ കൃതിയെയും പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ വീട്ടില്‍ കലഹം പതിവായിരുന്നു. വീട്ടില്‍ നിന്ന് ചോര പുരണ്ട രണ്ട് കത്തികളും ഒരു കുപ്പിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുപ്പി കൊണ്ട് തലക്കടിക്കുകയും കത്തി കൊണ്ട് കുത്തുകയുമായിരുന്നു. ഇതിന് ശേഷം പല്ലവി സുഹൃത്തായ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിളിച്ച് 'ഞാനാ പിശാചിനെ കൊന്നു' എന്ന് വെളിപ്പെടുത്തി.
ബിഹാര്‍ സ്വദേശിയായ ഓംപ്രകാശ് 1981 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു. 2015 മുതല്‍ 2017 വരെ കര്‍ണാടക പൊലീസ് മേധാവിയായിരുന്നു. ബംഗളൂരു എച്ച്.എസ്.ആര്‍ ലേഔട്ടിലെ മൂന്ന് നിലകളുള്ള വീട്ടിലാണ് ഓം പ്രകാശ് താമസിച്ചിരുന്നത്.