ബെംഗളൂരു എടിഎം വാന്‍ കൊള്ള; 5ാമത്തെ പ്രതി തമിഴ് നാട്ടില്‍ പിടിയില്‍; 5.76 കോടി രൂപ കണ്ടെടുത്തു
ബാക്കിയുള്ള പ്രതികള്‍ക്കായി അഞ്ച് സംസ്ഥാനങ്ങളിലായി പൊലീസ് ഊര്‍ജിതമായ അന്വേഷണം തുടരുകയാണ്

ബെംഗളൂരു: ബെംഗളൂരു എടിഎമ്മില്‍ നിന്ന് 7.11 കോടി രൂപയുടെ പണം കവര്‍ന്ന കേസില്‍ മറ്റൊരു പ്രധാന പ്രതിയായ സേവ്യറിനെ പൊലീസ് തമിഴ് നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു, ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. പ്രതികളില്‍ നിന്ന് 5.76 കോടി രൂപ കണ്ടെടുത്തിരുന്നു. ബാക്കിയുള്ള പ്രതികള്‍ക്കായി അഞ്ച് സംസ്ഥാനങ്ങളിലായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഊര്‍ജിതമായ അന്വേഷണം തുടരുകയാണ്.
ഇന്‍സ്പെക്ടര്‍ കൊത്രേഷിയുടെ നേതൃത്വത്തിലുള്ള ബെംഗളൂരുവിലെ ബനശങ്കരി പൊലീസ് സ്റ്റേഷനിലെ പ്രത്യേക സംഘമാണ് പ്രതിയെ തമിഴ് നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. കവര്‍ച്ചയ്ക്ക് ശേഷം ബെംഗളൂരുവിലെ കടുഗൊണ്ടനഹള്ളി നിവാസിയായ സേവ്യര്‍ നഗരം വിട്ട് തമിഴ് നാട്ടിലേക്ക് കടക്കുകയായിരുന്നു. സേവ്യറിനെ സിദ്ധാപുര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്യുകയാണ്. കൂട്ടുപ്രതികളെ കുറിച്ചും കണ്ടെത്താനുള്ള ബാക്കി പണത്തെ കുറിച്ചുമാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്.
സിഎംഎസ് ഏജന്‍സിയുടെ എടിഎം പണം നിറയ്ക്കുന്ന വാഹനം ആര്‍ബിഐ ഉദ്യോഗസ്ഥരായി വേഷമിട്ട ഒരു സംഘം തടഞ്ഞുവയ്ക്കുകയും പണവുമായി കടന്നുകളയുകയുമായിരുന്നു. ബെംഗളൂരുവിലെ വിവിധ എടിഎം സെന്ററുകളില്‍ പണം നിറയ്ക്കാന്‍ പോയ വാഹനം സൗത്ത് എന്‍ഡ് സര്‍ക്കിളിന് സമീപം വച്ചാണ് മോഷ്ടാക്കള്‍ തടഞ്ഞത്. വാനിലെ പണപ്പെട്ടികളില്‍ സൂക്ഷിച്ചിരുന്ന ഏകദേശം 7.11 കോടി രൂപ പ്രതികള്‍ ബലമായി കൊണ്ടുപോയി.
നേരത്തെ, ബെംഗളൂരു പൊലീസ് 54 മണിക്കൂറിനുള്ളില്‍ പ്രധാന ഗൂഢാലോചന പൊളിക്കുകയും വാഹനം കൈകാര്യം ചെയ്യുന്ന സിഎംഎസ് ജീവനക്കാരന്‍, ഒരു പൊലീസ് കോണ്‍സ്റ്റബിള്‍, ഒരു മുന്‍ സിഎംഎസ് ജീവനക്കാരന്‍ എന്നിവരുള്‍പ്പെടെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ അറസ്റ്റുകളിലൂടെ 5.76 കോടി രൂപ കണ്ടെടുത്തു. തുടര്‍ന്ന്, ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ നിന്നും രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്ന് മാസമായി പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തുവരികയാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
വാന്‍ തടഞ്ഞതിനുശേഷം, പ്രതികള്‍ ചിറ്റൂരിനടുത്തുള്ള കുപ്പം മേഖലയിലേക്കാണ് പോയത്. അവിടെ നിന്നും പണപ്പെട്ടികള്‍ തുറന്ന് പണം ബാഗുകളിലേക്ക് മാറ്റി. പിന്നീട് കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ഇന്നോവ കാര്‍ ഉപേക്ഷിച്ചു. പിടിക്കപ്പെടാതിരിക്കാന്‍ സേവ്യര്‍ പിന്നീട് വാഗണ്‍ ആറിലേക്ക് യാത്ര മാറ്റിയതായും പൊലീസ് പറയുന്നു.
കുറ്റകൃത്യം നടത്തിയ ഉടന്‍ തന്നെ പ്രതികള്‍ രക്ഷപ്പെട്ടതിനാല്‍ ബെംഗളൂരുവില്‍ നിന്നുള്ള പൊലീസ് സംഘങ്ങള്‍ കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം എന്നിവിടങ്ങളില്‍ ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പിന്നീട് കുപ്പത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട പണപ്പെട്ടികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെടുത്തു.
കേസിന് വേഗത്തില്‍ തുമ്പുണ്ടാക്കിയതിലും വിവിധ സംസ്ഥാനങ്ങളില്‍ പ്രതികളെ കണ്ടെത്താന്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത പ്രത്യേക അന്വേഷണ സംഘത്തിനും അനുബന്ധ ഉദ്യോഗസ്ഥര്‍ക്കും ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിംഗ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

