CYBER THREAT | പണം ആവശ്യപ്പെട്ട് നിരന്തരം ഭീഷണി; ഡിജിറ്റല്‍ അറസ്റ്റ് ഭയന്ന് ബെലഗാവിയില്‍ സൈബര്‍ തട്ടിപ്പിന് ഇരയായ വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി

ബെലഗാവി: ബെലഗാവിയില്‍ സൈബര്‍ തട്ടിപ്പിന് ഇരയായ വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി. ബെലഗാവി ജില്ലയിലെ ഖാനപുര പട്ടണത്തിനടുത്തുള്ള ബീഡി ഗ്രാമത്തിലെ മുന്‍ റെയില്‍വേ ജീവനക്കാരന്‍ ഡിയാഗോ നസറത്തും(83), ഭാര്യ പവിയ നസറത്തും(79) ഉം ആണ് സൈബര്‍ കുറ്റവാളികളുടെ നിരന്തരമായ പീഡനത്തിലും കൊള്ളയടിക്കലിലും മനംനൊന്ത് ജീവിതം അവസാനിപ്പിച്ചത്.
എന്‍ഫോഴ്‌സ് മെന്റ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ദമ്പതികളെ തട്ടിപ്പുകാര്‍ വലയിലാക്കിയത്. ഇവരുടെ പേരിലുള്ള മൊബൈല്‍ നമ്പര്‍ അനധികൃത പരസ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ആരോപിച്ചാണ് ദമ്പതികളെ തട്ടിപ്പുകാര്‍ പേടിപ്പിച്ചത്. പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേനയും തട്ടിപ്പുകാര്‍ ഇവരെ ഫോണില്‍ ബന്ധപ്പെട്ടു. കേസ് പണം നല്‍കി ഒത്തുതീര്‍പ്പാക്കണമെന്നും അല്ലാത്തപക്ഷം ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെ നേരിടേണ്ടിവരുമെന്നും പറഞ്ഞു.
ഒരു മാസം മുമ്പാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെട്ട് ദമ്പതികളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്. വീഡിയോ കോളുകള്‍ ചെയ്തും കെട്ടിച്ചമച്ച തെളിവുകള്‍ ഉണ്ടാക്കിയും ഇവര്‍ ദമ്പതികളെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
ഒടുവില്‍ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന ഭീഷണിയില്‍ ഭയന്ന് ആവശ്യപ്പെട്ട 6 ലക്ഷം രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് ഇവര്‍ അയച്ചുകൊടുത്തു. പിന്നീട് കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നു.
ഇതോടെ മനംനൊന്ത ദമ്പതികള്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പവിയ ഉറക്കഗുളികകള്‍ കഴിച്ചാണ് ജീവനൊടുക്കിയത്. സൈബര്‍ കുറ്റവാളികളുടെ ഭീഷണികള്‍ തുറന്നുകാട്ടുന്ന ഒരു കുറിപ്പ് എഴുതിവച്ച ശേഷമാണ് ഡിയാഗോ ജീവനൊടുക്കിയത്.
എന്നാല്‍ മരണ വിവരം പുറംലോകമറിഞ്ഞത് ഒരു പ്രാദേശിക വനിതാ സ്വയം സഹായ സംഘത്തിലെ അംഗം ദമ്പതികളുടെ വീട് സന്ദര്‍ശിച്ചപ്പോഴാണ്. സംഭവത്തില്‍ നന്ദഗഡ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദമ്പതികള്‍ക്ക് മക്കളില്ല
കര്‍ണാടകയില്‍ സൈബര്‍ കുറ്റകൃത്യ കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. 2024 ഡിസംബറില്‍, ബെംഗളൂരുവിലെ ഒരു സോഫ് റ്റ് വെയര്‍ പ്രൊഫഷണലിന് മുംബൈ പൊലീസ് എന്ന വ്യാജേന എത്തിയ തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് 11 കോടി രൂപ നഷ്ടപ്പെട്ടിരുന്നു. തുമകുരുവിലെ ഒരു സര്‍ക്കാര്‍ ജീവനക്കാരനില്‍ നിന്ന് 19 ലക്ഷം രൂപയും തട്ടിയെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഒരു ഉന്നത സൈബര്‍ കുറ്റകൃത്യ സംഘത്തെ അടുത്തിടെ ഗുജറാത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.
എങ്ങനെ സുരക്ഷിതരായിരിക്കാം
പൊലീസ് ഉദ്യോഗസ്ഥരായും മറ്റും വേഷം മാറിയാണ് സൈബര്‍ തട്ടിപ്പുകാര്‍ പണം വസൂലാക്കുന്നത്. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഒരിക്കലും ഓണ്‍ലൈനില്‍ ഇത്തരത്തില്‍ പണം ആവശ്യപ്പെടുകയില്ല. അതുകൊണ്ട് തന്നെ ഇത്തരം കോളുകള്‍ ലഭിക്കുകയാണെങ്കില്‍, ഒരിക്കലും കെണിയില്‍ വീഴരുത്.
'ഡിജിറ്റല്‍ അറസ്റ്റ്' എന്ന പദം തന്നെ തട്ടിപ്പുകാര്‍ കെട്ടിച്ചമച്ചതാണ്, ഇന്ത്യന്‍ നിയമത്തില്‍ അത്തരം ഒരു വാക്ക് തന്നെ നിലവിലില്ല. ആരെങ്കിലും ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയാല്‍ അത് തട്ടിപ്പാണെന്ന കാര്യത്തില്‍ സംശയം വേണ്ട.
ഫോണ്‍ വഴിയോ സന്ദേശങ്ങളിലൂടെയോ ബാങ്ക് വിശദാംശങ്ങള്‍, OTPകള്‍ അല്ലെങ്കില്‍ മറ്റ് സെന്‍സിറ്റീവ് വിവരങ്ങള്‍ ഒന്നും തന്നെ ഒരിക്കലും പങ്കിടരുത്. തട്ടിപ്പ് ആണെന്ന് സംശയിച്ചാല്‍, ഉടന്‍ തന്നെ ബന്ധപ്പെട്ട അധികാരികളേയോ ബാങ്കിനെയോ വിവരം അറിയിക്കുക. കൂടുതല്‍ നഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉടന്‍ തന്നെ വേണ്ട നിയമങ്ങള്‍ അധികൃതര്‍ സ്വീകരിക്കുന്നതായിരിക്കും.