അനധികൃത ഇരുമ്പ് കടത്തു കേസ്; കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്

എംഎല്‍എയ്ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.

ബെംഗളൂരു: അനധികൃത ഇരുമ്പു കടത്തുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന്റെയും കൂട്ടുപ്രതികളുടേയും സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്. എംഎല്‍എയ്ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. ബുധനാഴ്ച രാവിലെയാണ് റെയ്ഡ് നടപടികള്‍ തുടങ്ങിയതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ(പിഎംഎല്‍എ) പ്രകാരം കര്‍ണാടക, ഗോവ, മുംബൈ എന്നിവിടങ്ങളിലായി കുറഞ്ഞത് 15 സ്ഥലങ്ങളിലെങ്കിലും റെയ്ഡ് നടക്കുന്നതായാണ് ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്. ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കോണ്‍ഗ്രസ് എംഎല്‍എയാണ് സെയില്‍.

2010ലാണ് ബെലിക്കേരി ഇരുമ്പയിര് കുംഭകോണം പുറത്തു വരുന്നത്. കര്‍ണാടകയിലെ ബെല്ലാരി അടക്കമുള്ള ഖനനമേഖലയിലെ വനഭൂമിയില്‍ നിന്ന് കുഴിച്ചെടുത്ത ഇരുമ്പയിര് വനംവകുപ്പ് പിടിച്ചെടുത്തതോടെയാണ് സംഭവം പുറത്താകുന്നത്. ഇത് സര്‍ക്കാര്‍ ഖജനാവിന് ഏകദേശം 38 കോടി രൂപയുടെ 'നഷ്ടം' വരുത്തിവച്ചു, എന്നാല്‍ നിയമവിരുദ്ധമായി കയറ്റുമതി ചെയ്ത അയിരിന്റെ യഥാര്‍ത്ഥ മൂല്യം നൂറുകണക്കിന് കോടി രൂപയാണെന്നും വൃത്തങ്ങള്‍ പറഞ്ഞു.

ഏകദേശം എട്ട് ലക്ഷം ടണ്‍ ഇരുമ്പയിരാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഈ സംഭവത്തില്‍ എം.എല്‍.എ ക്കെതിരെ കേസ് എടുത്തിരുന്നു. ഈ കേസില്‍ പ്രത്യേക കോടതി എംഎല്‍എക്ക് ഏഴ് വര്‍ഷത്തെ തടവും 45 കോടി രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷ റദ്ദാക്കാന്‍ കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. കേസില്‍ സതീഷ് കൃഷ്ണ സെയില്‍, തുറമുഖ വകുപ്പ് ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ മഹേഷ് ജെ. ബിലിയെ, ഖനിയുടമ ചേതന്‍ ഷാ തുടങ്ങി ഏഴു പേര്‍ കുറ്റക്കാരാണെന്നാണ് ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതി വിധിച്ചത്.

Related Articles
Next Story
Share it