ധര്‍മ്മസ്ഥല വിവാദം:വിദേശ ഫണ്ടിംഗിനെ കുറിച്ച് ഇ.ഡി അന്വേഷിക്കും

ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരമാണ് അന്വേഷണം നടക്കുന്നത്

ബെംഗളൂരു: ധര്‍മ്മസ്ഥല വിവാദവുമായി ബന്ധപ്പെട്ട വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ വിദേശ ഫണ്ടിംഗ് ഉപയോഗിച്ചുവെന്ന ആരോപണത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). ചൊവ്വാഴ്ചയാണ് ഇഡി ഇക്കാര്യം സ്ഥിരീകരിച്ചത്.

ദക്ഷിണ കന്നഡ ജില്ലയിലെ ക്ഷേത്രനഗരത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ വിദേശ ഫണ്ട് ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന വ്യക്തികളുടെയും എന്‍ജിഒകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെയും രേഖകളിലും ഇടപാടുകളിലും ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് അന്വേഷണം നടക്കുന്നത്. വിദേശ ഫണ്ടിംഗ് മാനദണ്ഡങ്ങള്‍ ലംഘിക്കുകയോ ഫണ്ട് ദുരുപയോഗം ചെയ്യുകയോ ചെയ്താല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

തിങ്കളാഴ്ച കര്‍ണാടക ബിജെപി 'ധര്‍മ്മസ്ഥല ചലോ' റാലി സംഘടിപ്പിച്ചതിന് പിന്നാലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അന്വേഷണം. ധര്‍മ്മസ്ഥലയ്ക്കെതിരായ 'ഗൂഢാലോചനയും അപവാദ പ്രചാരണവും' എന്ന് വിശേഷിപ്പിച്ചതില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം നടത്തണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അവര്‍ കുറ്റപ്പെടുത്തുകയും ചെയ്തു.

ധര്‍മ്മസ്ഥലയിലെ മുന്‍ ശുചീകരണ തൊഴിലാളിയായ ചിന്നയ്യ, 1995 മുതല്‍ 2014 വരെയുള്ള തന്റെ ജോലിക്കിടെ, ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന സ്ത്രീകളുടെയും പ്രായപൂര്‍ത്തിയാകാത്തവരുടെയും മൃതദേഹങ്ങള്‍ ഉള്‍പ്പെടെ ഒന്നിലധികം മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ക്ഷേത്ര ഭരണാധികാരികളെ പ്രതി ചേര്‍ക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ആരോപണങ്ങള്‍. എന്നാല്‍ പിന്നീട് ചിന്നയ്യയെ അറസ്റ്റ് ചെയ്യുകയും ഉന്നയിച്ചത് വ്യാജ ആരോപണമാണെന്ന് കേസന്വേഷിക്കുന്ന പ്രത്യേക സംഘം കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചു. ചിന്നയ്യയുടെ മൊഴികള്‍ അടിസ്ഥാനമാക്കി, സംഘം നേത്രാവതി നദിക്കരയില്‍ നിരവധി സ്ഥലങ്ങളില്‍ മണ്ണ് കുഴിച്ചെടുത്ത് പരിശോധന നടത്തുകയും രണ്ട് സ്ഥലങ്ങളില്‍ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ ലബോറട്ടിയില്‍ നിന്നും കൊണ്ടുവന്നതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്നാണ് ചിന്നയ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ നിലവില്‍ അന്വേഷണം നേരിടുന്ന ആക്ടിവിസ്റ്റുകളായ ഗിരീഷ് മട്ടന്നവര്‍, മഹേഷ് ഷെട്ടി തിമറോഡി എന്നിവര്‍ ആര്‍.എസ്.എസുമായും ബിജെപിയുമായും ബന്ധം പുലര്‍ത്തുന്നവരാണെന്ന് ആരോപിച്ചു. സാമുദായിക ഐക്യം തകര്‍ക്കുകയും പൊതുജന സംവേദനക്ഷമതയെ വ്രണപ്പെടുത്തുകയും ചെയ്തതായി പറയപ്പെടുന്ന വിദ്വേഷകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് ഈ രണ്ട് ആക്ടിവിസ്റ്റുകളും പ്രത്യേക പൊലീസ് കേസുകള്‍ നേരിടുന്നു.

Related Articles
Next Story
Share it