ധര്‍മ്മസ്ഥല കേസ് നാടകീയമായ വഴിത്തിരിവിലേക്ക്; തെളിവായി ഹാജരാക്കിയ തലയോട്ടിക്ക് 40 വര്‍ഷം പഴക്കമെന്ന് കണ്ടെത്തല്‍

ധര്‍മസ്ഥലയ്ക്കെതിരെയുള്ള ഗൂഢാലോചനയില്‍ ഒരു സംഘം തന്നെ പ്രവര്‍ത്തിച്ചുവരുന്നതായും കണ്ടെത്തല്‍

ബെല്‍ത്തങ്ങാടി: ദേശീയ, അന്തര്‍ദേശീയ ശ്രദ്ധ നേടിയ ധര്‍മ്മസ്ഥലയിലെ കൂട്ട കുഴിമാടക്കേസ് നാടകീയമായ വഴിത്തിരിവിലേക്ക്. പരാതിക്കാരന്‍ പറഞ്ഞ സ്ഥലങ്ങളില്‍ നിന്നും കുഴിച്ചെടുത്ത തലയോട്ടി വ്യാജമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തലയോട്ടിക്ക് 40 വര്‍ഷം പഴക്കമുണ്ടെന്നും ദീര്‍ഘകാല ഉപയോഗത്തിനായി അതില്‍ വാര്‍ണിഷ് പൂശിയിട്ടുണ്ടെന്നും വിദഗ്ധര്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.

തലയോട്ടി ഒരു മെഡിക്കല്‍ റിസര്‍ച്ച് സെന്ററില്‍ നിന്ന് വാങ്ങിയതാണെന്ന് എസ്.ഐ.ടി വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ 11 ന് ആണ് തലയോട്ടി ബെല്‍ത്തങ്ങാടി കോടതിയില്‍ ഹാജരാക്കിയത് അതിന് ശേഷമാണ് ഈ വെളിപ്പെടുത്തല്‍ പുറത്തുവന്നത്.

ധര്‍മ്മസ്ഥലയിലെ കൂട്ട ശവക്കുഴിമാടത്തില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് ചെന്നയ്യ അവകാശപ്പെട്ടിരുന്നു. കോടതിയില്‍ ഇയാള്‍ ഈ മൊഴി തന്നെ ആവര്‍ത്തിച്ചു. ധര്‍മ്മസ്ഥലയിലെ മുന്‍ ശുചീകരണ തൊഴിലാളി കൂടിയായ ചിന്നയ്യയുടെ വെളിപ്പെടുത്തല്‍ രാജ്യവ്യാപകമായി വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പിന്നാലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനായി ധര്‍മ്മസ്ഥലയിലെ 17 വ്യത്യസ്ത സ്ഥലങ്ങളില്‍ എസ്.ഐ.ടിയുടെ നേതൃത്വത്തില്‍ കുഴിയെടുത്ത് പരിശോധന നടത്തുകയും ചെയ്തു.

എസ് ഐ ടി നടത്തിയ അന്വേഷണത്തില്‍ ധര്‍മസ്ഥലയ്‌ക്കെതിരെയുള്ള ഗൂഢാലോചനയില്‍ ഒരു സംഘം തന്നെ പ്രവര്‍ത്തിച്ചുവരുന്നതായി കണ്ടെത്തി. സംഘത്തിന് ഡല്‍ഹിയുമായുള്ള ബന്ധവും പുറത്തുവന്നു. കുഴിമാടത്തില്‍ നിന്നും കണ്ടെടുത്ത തലയോട്ടി ഡല്‍ഹിയിലേക്ക് കൊണ്ടുപോയി എന്നും അന്വേഷണത്തില്‍ വ്യക്തമായി. അവിടെ സ്വാധീനമുള്ള ഒരു വ്യക്തിക്ക് തലയോട്ടി കാണിച്ചുകൊടുത്തതായും സംഘം കണ്ടെത്തി.

സംഭവത്തില്‍ ശനിയാഴ്ച രാവിലെയാണ് ചിന്നയ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനു ശേഷം, ഞായറാഴ്ച ചിന്നയ്യയെ എസ്.ഐ.ടി വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി. തനിക്ക് അഭയം നല്‍കിയവര്‍ മുതല്‍ ഗൂഢാലോചന ആസൂത്രണം ചെയ്തവര്‍ വരെയുള്ളവരുടെ പേരുകള്‍ ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എല്ലാ മൊഴികളും വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. മൊഴിയില്‍ പറഞ്ഞവര്‍ക്കെതിരെ നോട്ടീസ് നല്‍കാന്‍ ഒരുങ്ങുകയാണ് എസ്ഐടി. ഞായറാഴ്ച ചിന്നയ്യയെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കി.

ചിന്നയ്യയുടെ കാണാതായ മൊബൈല്‍ ഫോണിനെ ചുറ്റിപ്പറ്റിയും അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നുണ്ട്. ഫോണ്‍ തന്റെ കൈവശം ഇല്ലെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ജൂലൈ 11 ന് തലയോട്ടിയുമായി കോടതിയില്‍ ഹാജരാകുന്നതിന് മുമ്പ് തന്നെ ഫോണ്‍ എടുത്തുമാറ്റിയതാകാമെന്നാണ് എസ്ഐടി സംശയിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയശേഷം, അഭിഭാഷകനുമായി ആശയവിനിമയം നടത്താന്‍ മാത്രമേ ചിന്നയ്യക്ക് അനുവാദമുണ്ടായിരുന്നുള്ളൂ, അഭിഭാഷകനായ ധനഞ്ജയുടെ ഉപദേശപ്രകാരം, ചിന്നയ്യ ചില മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കി. ഇത് ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് എസ്.ഐ.ടി സംശയിക്കുന്നത്.

അനന്യ ഭട്ടിനെ കാണാതായ കേസുമായി ബന്ധപ്പെട്ട് നേരത്തെ മാധ്യമ ശ്രദ്ധ നേടിയ സുജാത ഭട്ടിനും എസ്.ഐ.ടി സമന്‍സ് അയച്ചിട്ടുണ്ട്. 1985 മുതല്‍ 2025 വരെയുള്ള ഇവരുടെ ജീവിതത്തെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമാഹരിക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഉഡുപ്പി, ബെംഗളൂരു, ശിവമൊഗ്ഗ, സൂറത്ത് കല്‍ എന്നിവിടങ്ങളിലെ താമസം, ദാമ്പത്യ ജീവിതം, 2003 ലെ അനന്യയുടെ തിരോധാനത്തെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ എന്നിവയും അന്വേഷണത്തില്‍ പെടും.

അതിനിടെ വ്യാജ തലയോട്ടി നല്‍കിയ സംഘത്തില്‍ നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് തന്നെ ജയിലിലേക്ക് അയയ്ക്കാന്‍ ചിന്നയ്യ എസ്ഐടിയോട് ആവശ്യപ്പെട്ടതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. സംഘത്തില്‍ നിന്ന് മാനസിക പീഡനം അനുഭവിച്ചതായും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. അന്വേഷണം ഇപ്പോഴും പുരോഗമിക്കുന്നതിനാല്‍, വരും ദിവസങ്ങളില്‍ കൂടുതല്‍ സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

Related Articles
Next Story
Share it