ധര്‍മസ്ഥല: സാമ്പിള്‍ ഫലം ലഭിച്ചശേഷം കൂടുതല്‍ അന്വേഷണമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം

ബെംഗളൂരു: ധര്‍മസ്ഥലയിലെ വിവാദ സംഭവത്തില്‍ അസ്ഥികൂട അവശിഷ്ടങ്ങളുടെ സാമ്പിള്‍ പരിശോധനാഫലം ലഭിച്ചശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ധര്‍മ്മസ്ഥലയില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ കൊലപ്പെടുത്തിയശേഷം കൂട്ടമായി സംസ്‌ക്കരിച്ചെന്ന മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചു കഴിഞ്ഞു. വിവിധ സ്ഥലങ്ങളിലായാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്നും ഇവയില്‍ പലതും ലൈംഗിക വൈകൃതത്തിന് ഇടയാക്കിയതായും ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയിരുന്നു.

ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായി പറയുന്ന സ്ഥലങ്ങള്‍ കാണിച്ച് കൊടുക്കുകയും ചെയ്തു. ഇവ ഓരോന്നും പ്രത്യേക പോയന്റുകളായി രേഖപ്പെടുത്തുകയും ഇവിടെ സുരക്ഷയ്ക്കായി പൊലീസുകാരെ നിയോഗിക്കുകയും ചെയ്തു. സാക്ഷി പറഞ്ഞ സ്ഥലങ്ങളില്‍ ആഴത്തില്‍ കുഴിയെടുത്ത് പരിശോധനകള്‍ നടത്തിയെങ്കിലും രണ്ട് സ്ഥലങ്ങളില്‍ നിന്നും മാത്രമാണ് ഇതുവരെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ഈ അവശിഷ്ടങ്ങള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇവയുടെ പരിശോധന ഫലം ലഭിച്ചശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുമെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. കൂട്ട ശവസംസ്‌കാരങ്ങളെക്കുറിച്ചുള്ള അന്വേഷണം 'ഇതുവരെ ആരംഭിച്ചിട്ടില്ല' എന്നും, സര്‍ക്കാരല്ല, വിഷയം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മാത്രമാണ് ഇനിയും കൂടുതല്‍ കുഴി എടുത്ത് പരിശോധിക്കണോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ധര്‍മ്മസ്ഥല വിഷയത്തെക്കുറിച്ച് നിയമസഭയില്‍ നടന്ന ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

'ഇതുവരെ കുഴിച്ചെടുക്കല്‍ മാത്രമേ നടന്നിട്ടുള്ളൂ. അന്വേഷണ ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ ശേഖരിച്ച് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഇവയുടെ പരിശോധന ഫാലം ലഭിച്ചശേഷം അന്വേഷണം ആരംഭിക്കും.' ധര്‍മ്മസ്ഥലയിലെ ലാറ്ററൈറ്റ് മണ്ണ് അമ്ലത്വമുള്ളതാണെന്നും അതിനാല്‍ അസ്ഥികള്‍ ശിഥിലമാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേസ് വളരെ സെന്‍സിറ്റീവ് ആണെന്ന് ആവര്‍ത്തിച്ച ആഭ്യന്തരമന്ത്രി വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടിയോട് ആവശ്യപ്പെടുകയും ചെയ്തു. 'പ്രതിപക്ഷം അന്വേഷണത്തിനായി സര്‍ക്കാര്‍ എസ്.ഐ.ടി രൂപീകരിച്ചപ്പോള്‍ അതിനെ സ്വാഗതം ചെയ്തു, പക്ഷേ പിന്നീട് പെട്ടെന്ന് അവര്‍ വിഷയം ഏറ്റെടുത്തു. അന്വേഷണത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിഞ്ഞാല്‍, അത് ധര്‍മ്മസ്ഥലയുടെ യശസ്സ് വര്‍ദ്ധിപ്പിക്കില്ലേ? മറുവശത്ത്, ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍, ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് നീതി ലഭിക്കും. വിഷയം രാഷ്ട്രീയവല്‍ക്കരിക്കുകയും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ശരിയല്ല' എന്നും മന്ത്രി പറഞ്ഞു.

ധര്‍മ്മസ്ഥലയെ അപകീര്‍ത്തിപ്പെടുത്താന്‍ 'അപവാദ പ്രചാരണം' നടന്നിരുന്നുവെന്ന ബിജെപിയുടെ ആരോപണത്തോട് മന്ത്രിയുടെ പ്രതികരണം ഇങ്ങനെ:

'ഞാന്‍ ആഭ്യന്തരമന്ത്രിയായിരിക്കുന്നിടത്തോളം കാലം, ഈ കേസില്‍ ഭരണഘടനാ വിരുദ്ധമായ ഒരു പ്രവര്‍ത്തനവും ഉണ്ടാകില്ല. ഗൂഢാലോചനയുണ്ടെങ്കില്‍, അത് പുറത്തുവരും. മാധ്യമങ്ങള്‍ പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍, അതും പുറത്തുവരട്ടെ.'

എസ്.ഐ.ടിയോട് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ മൂന്ന് മാസത്തിനുള്ളിലോ ചിലപ്പോള്‍ അതിന് മുമ്പോ റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. 15- 20 ദിവസത്തിനുള്ളില്‍, അല്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയേക്കാം എന്നും മന്ത്രി സൂചിപ്പിച്ചു.

പരാതിക്കാരനെ എസ്.ഐ.ടി കസ്റ്റഡിയിലെടുക്കാത്തത് എന്തുകൊണ്ടാണെന്ന ബിജെപിയുടെ ചോദ്യങ്ങള്‍ക്ക് സാക്ഷി പറയുന്നതിന് അനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Related Articles
Next Story
Share it