ധര്‍മ്മസ്ഥലയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ട സംഭവം; അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

പുരുഷന്റേതെന്ന് തോന്നുന്ന അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്

മംഗലാപുരം: ധര്‍മ്മസ്ഥലയില്‍ മനുഷ്യന്റെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായുള്ള മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. എസ്.ഐ.ടി യുടെ അന്വേഷണത്തിന്റെ ഭാഗമായി വ്യാഴാഴ്ച നടന്ന പരിശോധനയിലാണ് ആറാമത്തെ പോയന്റില്‍ നിന്നും മനുഷ്യ ശരീരത്തിന്റെ ഭാഗിക അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചു.

ധര്‍മ്മസ്ഥല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നേത്രാവതി നദിയുടെ സമീപത്തെ വനപ്രദേശത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായി ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയിരുന്നു. ഈ സ്ഥലത്ത് നിന്നുമാണ് പുരുഷന്റേതെന്ന് തോന്നുന്ന അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച മുതല്‍ ആണ് മണ്ണ് കുഴിച്ചുള്ള പരിശോധന ആരംഭിച്ചത്. എന്നാല്‍ ആദ്യ രണ്ട് ദിവസങ്ങളില്‍ അഞ്ച് പോയന്റുകളില്‍ കുഴിച്ചുനോക്കിയെങ്കിലും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നില്ല. മൂന്നാം ദിവസമാണ് അന്വേഷണത്തില്‍ വ്യക്തത ഉണ്ടായിരിക്കുന്നത്.

എസ്.പി ജിതേന്ദ്ര കുമാര്‍ ദയാമ, പുത്തൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റെല്ല വര്‍ഗീസ് എന്നിവരുള്‍പ്പെടെയുള്ള എസ്.ഐ.ടി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഉണ്ടായിരുന്നു. ഒരു ഡോഗ് സ്‌ക്വാഡിനേയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഫോറന്‍സിക് സംഘം പരിശോധനയ്ക്കായി അവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി ശേഖരിച്ചുവരികയാണ്.

Related Articles
Next Story
Share it