ധര്‍മ്മസ്ഥല കേസ്: കാട്ടില്‍ നിന്ന് കണ്ടെത്തിയ തലയോട്ടി സൗജന്യയുടെ മാതൃസഹോദരന്‍ കൈമാറിയത്; നിര്‍ണായക വെളിപ്പെടുത്തലുമായി എസ്.ഐ.ടി

തലയോട്ടി കണ്ടെത്തിയത് ബംഗ്ലാഗുഡ്ഡെ വനത്തില്‍ നിന്ന്

മംഗലാപുരം: വിവാദമായ ധര്‍മ്മസ്ഥല കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി). സംഭവത്തില്‍ കൊല്ലപ്പെട്ട സൗജന്യയുടെ മാതൃസഹോദരന്റെ പങ്കിലേക്കാണ് എസ്.ഐ.ടി വിരല്‍ ചൂണ്ടുന്നത്. ധര്‍മ്മസ്ഥല ഗ്രാമത്തിലെ നേത്രാവതി കുളിക്കടവിന് സമീപമുള്ള വനപ്രദേശത്ത് നിന്നും സൗജന്യയുടെ മാതൃസഹോദരനായ വിറ്റല്‍ ഗൗഡയാണ് തലയോട്ടി ചിന്നയ്യക്ക് കൈമാറിയതെന്ന് എസ്.ഐ.ടി വൃത്തങ്ങള്‍ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള പ്രതികളെയും സാക്ഷികളെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഈ വെളിപ്പെടുത്തല്‍ പുറത്തുവന്നതെന്നും അന്വേഷണ സംഘം അറിയിച്ചു. വിറ്റല്‍ ഗൗഡ നിലവില്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്തതോടെ ഇക്കാര്യം സമ്മതിച്ചതായും അന്വേഷണ സംഘം അറിയിച്ചു.

ശനിയാഴ്ച രാത്രി എസ്.ഐ.ടി, വിറ്റല്‍ ഗൗഡയ്ക്കൊപ്പം നേത്രാവതി കുളിക്കടവിലെത്തി മഹസര്‍ തയാറാക്കി. ബംഗ്ലാഗുഡ്ഡെ വനത്തില്‍ നിന്ന് ഗൗഡ തലയോട്ടി കണ്ടെടുത്ത് മുന്‍ ശുചിത്വ തൊഴിലാളിയും കേസിലെ പരാതിക്കാരനുമായ ചിന്നയ്യയ്ക്ക് കൈമാറിയതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഗൗഡയുടെ പ്രവൃത്തികള്‍ക്ക് പിന്നിലെ കാരണങ്ങളെ കുറിച്ച് പരിശോധിക്കുകയാണ് അന്വേഷണ സംഘം.

പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ ആകര്‍ഷിച്ച കേസാണ് ഇത്. അതുകൊണ്ടുതന്നെ സത്യം പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ഐ.ടി, ഫീല്‍ഡ് പരിശോധനകള്‍, ഫോറന്‍സിക് വിശകലനം, പ്രധാന വ്യക്തികളുടെ ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലുകള്‍ എന്നിവയിലൂടെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ കൂടുതല്‍ സംഭവവികാസങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

Related Articles
Next Story
Share it