ധര്‍മ്മസ്ഥല കേസ്: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്ഐടി ക്ക് നിര്‍ദ്ദേശം നല്‍കി ആഭ്യന്തരമന്ത്രി ജി പരമേശ്വര

കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ടുകള്‍ ഫോറന്‍സിക് വിശകലനം നടത്തിയശേഷം സമര്‍പ്പിക്കുമെന്ന് എസ്ഐടി അറിയിച്ചതായും മന്ത്രി

ബെംഗളൂരു: ധര്‍മ്മസ്ഥല കൂട്ട ശവസംസ്‌കാര കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി) നിര്‍ദ്ദേശിച്ച് കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര. ബെംഗളൂരുവിലെ തന്റെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഒക്ടോബറില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എസ്ഐടി പറഞ്ഞിരുന്നു. ഒക്ടോബര്‍ 31 നകം അവര്‍ അത് സമര്‍പ്പിച്ചേക്കാം. ഒന്നോ രണ്ടോ ദിവസത്തെ കാലതാമസം ഉണ്ടായേക്കാം,' എന്നും പരമേശ്വര പറഞ്ഞു.

കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ടുകള്‍ ഫോറന്‍സിക് വിശകലനം നടത്തിയശേഷം സമര്‍പ്പിക്കുമെന്ന് എസ്ഐടി അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.

ദക്ഷിണ കന്നഡയിലെ നേത്രാവതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ തീര്‍ത്ഥാടന നഗരത്തില്‍ 1995 നും 2014 നും ഇടയില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്ത നിരവധി യുവതികളുടെയും, പ്രായപൂര്‍ത്തിയാകാത്തവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ നിര്‍ബന്ധിതരായെന്ന സാക്ഷിയായ ചിന്നയ്യയുടെ ആരോപണമാണ് കേസിലും തുടര്‍ന്നുള്ള അന്വേഷങ്ങള്‍ക്കും വഴിവച്ചത്.

സംഭവം വിവാദമായതോടെ ഇക്കഴിഞ്ഞ ജൂലൈയില്‍ സംസ്ഥാന സര്‍ക്കാര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) പ്രണബ് മൊഹന്തിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവില്‍ വ്യാജ വിവരങ്ങള്‍ കൈമാറിയതിന് കള്ളസാക്ഷ്യം ചുമത്തി എസ്ഐടി ചിന്നയ്യയെ അറസ്റ്റ് ചെയ്തു.

Related Articles
Next Story
Share it