ധര്‍മ്മസ്ഥലയില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ചെന്ന വെളിപ്പെടുത്തല്‍; അന്വേഷണ സംഘത്തില്‍ 20 പൊലീസ് ഉദ്യോഗസ്ഥര്‍

പൊലീസ് സൂപ്രണ്ട് മുതല്‍ ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ വരെയുള്ള വിവിധ റാങ്കുകളിലുള്ള 20 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധര്‍മ്മസ്ഥലയില്‍ സ്ത്രീകളെ കാണാതായതും ബലാത്സംഗം ചെയ്തതും കൊലപ്പെടുത്തിയതുമായ ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കായി 20 അംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. പൊലീസ് സൂപ്രണ്ട് മുതല്‍ ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ വരെയുള്ള വിവിധ റാങ്കുകളിലുള്ള 20 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചതെന്ന് ഡിജിപി എം എ സലീം വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തുവിട്ടു.

ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമില്‍ എസ്പി റാങ്കിലുള്ള സി എ സൈമണ്‍, രണ്ട് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാര്‍, അഞ്ച് പൊലീസ് ഇന്‍സ്പെക്ടര്‍മാര്‍, ഏഴ് സബ് ഇന്‍സ്പെക്ടര്‍മാര്‍, ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍, നാല് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ ഉണ്ടാകും.

ധര്‍മ്മസ്ഥലയില്‍ നൂറുകണക്കിന് പെണ്‍കുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചെന്ന വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി രംഗത്തുവന്നിരുന്നു. ചെയ്ത പ്രവര്‍ത്തിയില്‍ കുറ്റബോധം തോന്നിയാണ് താന്‍ ഇപ്പോള്‍ ഇക്കാര്യം പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് യഥാര്‍ഥ വിവരം പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു. വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നതോടെയാണ് തിങ്കളാഴ്ച കര്‍ണാടക സര്‍ക്കാര്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.

Related Articles
Next Story
Share it