കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥന്റെ മകനെ കാണാനില്ലെന്ന് പരാതി; തട്ടിക്കൊണ്ടുപോയതെന്ന് സംശയം

മംഗലാപുരം: കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥന്റെ മകനെ കാണാനില്ലെന്ന് പരാതി. തട്ടിക്കൊണ്ടുപോയതാണെന്ന സംശയത്തില്‍ ബന്ധുക്കള്‍. പനമ്പൂരില്‍ ജോലി ചെയ്യുന്ന കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ ജീവന്‍ കുമാറിന്റെ മകന്‍ ഹിതേന്‍ ഭദ്ര (17) നെ ആണ് കാണാതായത്. മാര്‍ച്ച് 12 ന് രാവിലെ 10 മണിക്ക് കുഞ്ഞത്ത് ബെയിലിലെ വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. പിന്നീട് കാണാനില്ലെന്നാണ് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
മൊബൈല്‍ ഫോണും പഴ്സും വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. മകനെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയതാണെന്നാണ് പിതാവ് കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പശ്ചിമ ബംഗാളിലെ ജാര്‍ഗ്രാം ജില്ലയിലെ ഗോപിബല്ലവ്പൂരില്‍ നിന്നുള്ള കുടുംബം നിലവില്‍ കുഞ്ഞത്ത് ബെയിലിലെ കോസ്റ്റ് ഗാര്‍ഡ് ക്വാര്‍ട്ടേഴ്സിലാണ് താമസിക്കുന്നത്.
172 സെന്റീമീറ്റര്‍ ഉയരമുള്ള ഹിതേന്‍ കാണാതായ ദിവസം, ഇളം പച്ച നിറത്തിലുള്ള വൃത്താകൃതിയിലുള്ള ടീ-ഷര്‍ട്ടും നീല ട്രാക്ക് സ്യൂട്ടും വെളുത്ത സ്ലിപ്പറുമാണ് ധരിച്ചത്. വെളുത്ത റിം ഉള്ള കണ്ണടയും ധരിച്ചിരുന്നു. നെറ്റിയുടെ മധ്യത്തില്‍ ഒരു പ്രത്യേക കറുത്ത പുള്ളിയുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, ഒഡിയ ഭാഷകളില്‍ പ്രാവീണ്യമുണ്ട്.
ഹിതേനെ കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ കാവൂര്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.