സുഹാസ് ഷെട്ടി വധം; ഭീഷണികോളുകള്‍ വരുന്നുണ്ടെന്ന് സിദ്ധരാമയ്യ; ബി.ജെ.പി മുതലെടുപ്പ് നടത്തുന്നുവെന്നും മുഖ്യമന്ത്രി

മാണ്ഡ്യ സന്ദര്‍ശനവേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മാണ്ഡ്യ: മംഗളൂരുവില്‍ വി.എച്ച്.പി പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തനിക്ക് ഭീഷണി കോളുകള്‍ വരുന്നുണ്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. മാണ്ഡ്യ സന്ദര്‍ശനവേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരവാദികളായവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ സ്പീക്കര്‍ യു.ടി ഖാദറിന് ലഭിച്ച സമാനമായ കോളുകളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് അദ്ദേഹം തനിക്കും ഭീഷണി കോളുകള്‍ വരുന്നതായി അറിയിച്ചത്. സുഹാസ് ഷെട്ടി വധക്കേസിന്റെ പുരോഗതി സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തതായി സിദ്ധരാമയ്യ പറഞ്ഞു.

ഷെട്ടിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ എ.ഡി.ജി.പിയെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് പിന്നിലുള്ളവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.

കൊലപാതകം ആസൂത്രിതമാണോ എന്ന് ചോദിച്ചപ്പോള്‍, അന്വേഷണത്തില്‍ ഉദ്ദേശ്യം വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംഭവത്തെ രാഷ്ട്രീയവല്‍ക്കരിച്ച് മുതലെടുപ്പിന് ശ്രമിക്കുകയാണ്. ബി.ജെ.പി ഇത്തരം സംഭവങ്ങളെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Related Articles
Next Story
Share it