കര്‍ണാടകയില്‍ കാസര്‍കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ക്ക് പൊലീസിന്റെ വെടിയേറ്റു

അനധികൃത കാലിക്കടത്ത് നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം

പുത്തൂര്‍: കര്‍ണാടകയില്‍ കാസര്‍കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ക്ക് പൊലീസിന്റെ വെടിയേറ്റു. അനധികൃത കാലിക്കടത്ത് നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം എന്ന് പൊലീസ് അറിയിച്ചു. കര്‍ണാടക-കേരള അതിര്‍ത്തിയിലുള്ള ഈശ്വരമംഗലയിലെ ബെള്ളിച്ചാടവിന് സമീപം ബുധനാഴ്ച പുലര്‍ച്ചെയാണ് നാടകീയ സംഭവം നടന്നത്. അനധികൃത കാലിക്കടത്ത് ആരോപിച്ചാണ് പൊലീസ് ലോറി ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. കാസര്‍കോട് സ്വദേശി അബ്ദുള്ള(40)യ്ക്കാണ് വെടിയേറ്റത്. കന്നുകാലികളെ കടത്തിയ ലോറി പൊലീസ് തടഞ്ഞപ്പോള്‍ നിര്‍ത്തിയില്ല. തുടര്‍ന്ന് ലോറിയെ പിന്തുടര്‍ന്ന പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ലോറി ഡ്രൈവറായ അബ്ദുള്ളയുടെ കാലിലാണ് വെടിയേറ്റത്. ഒരു വെടിയുണ്ട വാഹനത്തിലും തറച്ചു. പുത്തൂര്‍ റൂറല്‍ പൊലീസാണ് വെടിയുതിര്‍ത്തത്.

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പത്ത് കന്നുകാലികളുമായി പോവുകയായിരുന്നു വാഹനം. വാഹനത്തില്‍ അബ്ദുള്ളയെ കൂടാതെ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്നും ഇയാള്‍ ഓടിരക്ഷപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു. വാഹനം തടയാന്‍ ശ്രമിച്ചപ്പോള്‍, അബ്ദുള്ള സിഗ്‌നല്‍ അവഗണിച്ച് 10 കിലോമീറ്ററോളം യാത്ര തുടര്‍ന്നുവെന്നും പൊലീസ് പിന്തുടരുന്നതിനിടെ, രക്ഷപ്പെടാനുള്ള ശ്രമത്തില്‍ അബ്ദുള്ള വാഹനം പൊലീസ് ജീപ്പില്‍ ഇടിപ്പിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതോടെയാണ് ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ രണ്ട് റൗണ്ട് വെടിവച്ചത്.

അബ്ദുള്ളയെ ഉടന്‍ തന്നെ മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി. ബെല്ലാരെ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ ഗോവധ നിയമപ്രകാരം (കേസ് നമ്പര്‍ 33/2025) മുമ്പ് ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.

അബ്ദുള്ള മുമ്പ് കന്നുകാലി കള്ളക്കടത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും അടുത്തിടെ നിയമവിരുദ്ധ പ്രവര്‍ത്തനം പുനരാരംഭിച്ചുവെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ പുത്തൂര്‍ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കും കൂട്ടാളിക്കുമെതിരെ പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. അതേസമയം ഒളിവില്‍ പോയ കൂട്ടാളിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it