ടാക്‌സി ഡ്രൈവര്‍ക്കെതിരെ വംശീയ അധിക്ഷേപം; മംഗളൂരുവില്‍ നടന്‍ ജയകൃഷ്ണനും മറ്റ് 3 പേര്‍ക്കുമെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്

മൂവരും മദ്യലഹരിയിലായിരുന്നുവെന്നും പിക്കപ്പ് ലൊക്കേഷനുകള്‍ ആവര്‍ത്തിച്ച് മാറ്റി ശല്യം സൃഷ്ടിച്ചുവെന്നും പൊലീസ്

മംഗളൂരു: മംഗളൂരുവില്‍ വംശീയ അധിക്ഷേപത്തിന് മലയാള നടന്‍ ജയകൃഷ്ണനെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്. നഗരത്തിലെ ഒരു ടാക്‌സി ഡ്രൈവറെ വംശീയമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന പരാമര്‍ശം നടത്തിയതിനാണ് നടന്‍ ജയകൃഷ്ണനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഉര്‍വ പൊലീസ് അറിയിച്ചു. ടാക്‌സി ഡ്രൈവര്‍ അഹമ്മദ് ഷഫീഖിന്റെ പരാതിയിലാണ് കേസെടുത്തതെന്നും പൊലീസ് അറിയിച്ചു.

ജയകൃഷ്ണന്‍, സന്തോഷ് എബ്രഹാം, വിമല്‍ എന്നിവരാണ് പ്രതികള്‍. ഒക്ടോബര്‍ 9 ന് രാത്രി മൂവരും ഉബര്‍, റാപ്പിഡോ ആപ്പുകള്‍ വഴി ടാക്‌സി ബുക്ക് ചെയ്തപ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു, പിക്കപ്പ് പോയിന്റ് ന്യൂ റോഡ്, ബെജൈ എന്നാണ് ഇവര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പിക്കപ്പ് ലൊക്കേഷന്‍ സ്ഥിരീകരിക്കാന്‍ വിളിച്ചപ്പോള്‍, തന്നെ 'മുസ്ലീം തീവ്രവാദി' എന്നും 'തീവ്രവാദി' എന്നും വിളിച്ച് ആക്ഷേപിച്ചെന്നാണ് പരാതിക്കാരനായ അഹമ്മദ് ഷഫീഖ് പറയുന്നത്. തന്റെ മതത്തെയും കുടുംബത്തെയും ലക്ഷ്യം വച്ചുള്ള ഹിന്ദി, മലയാളം അധിക്ഷേപങ്ങള്‍ താരങ്ങള്‍ നടത്തിയെന്നും ഇദ്ദേഹം ആരോപിച്ചു.

മൂവരും മദ്യലഹരിയിലായിരുന്നുവെന്നും പിക്കപ്പ് ലൊക്കേഷനുകള്‍ ആവര്‍ത്തിച്ച് മാറ്റി ശല്യം സൃഷ്ടിച്ചുവെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 352, 353(2) എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളില്‍ രണ്ടുപേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Related Articles
Next Story
Share it