ബൈന്ദൂരില്‍ വളര്‍ത്തുനായയെ ബൈക്കില്‍ കെട്ടിയിട്ട് ക്രൂരമായി വലിച്ചിഴച്ച സംഭവം; ഉടമക്കെതിരെ സ്വമേധയ കേസെടുത്ത് പൊലീസ്

കേസെടുത്തത് തെളിവുകളുടെ അടിസ്ഥാനത്തില്‍

ബൈന്ദൂര്‍: വളര്‍ത്തുനായയെ ബൈക്കില്‍ കെട്ടിയിട്ട് ക്രൂരമായി വലിച്ചിഴച്ച സംഭവത്തില്‍ ഉടമയ്‌ക്കെതിരെ ബൈന്ദൂര്‍ പൊലീസ് സ്റ്റേഷനില്‍ സ്വമേധയാ കേസെടുത്തു. യാദ് താരെ ഗ്രാമത്തിലെ ബൈന്ദൂര്‍-കുന്ദാപുര വണ്‍വേ റൂട്ടിനടുത്തുള്ള റാവുത്തന്‍കാട്ടെ മുതല്‍ നകത്തെ പാലം വരെയുള്ള ദേശീയപാത 66 ലെ സര്‍വീസ് റോഡിലൂടെയാണ് നായയെ വലിച്ചിഴച്ചത്.

പഡുബിദ്രി സ്വദേശിയാണ് തന്റെ വളര്‍ത്തുനായയെ ബൈക്കില്‍ കെട്ടിയിട്ട് ക്രൂരമായി വലിച്ചിഴച്ചതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസ്, അന്വേഷണത്തില്‍ ബൈന്ദൂരിലെ പഡുബിദ്രി ഗ്രാമത്തില്‍ നിന്നുള്ള സുബ്രഹ്‌മണ്യയാണ് വളര്‍ത്തുനായയോട് ക്രൂരത കാട്ടിയതെന്ന് തിരിച്ചറിഞ്ഞു. റോഡിലൂടെ 2 കിലോമീറ്ററോളം വലിച്ചിഴച്ചതിനെ തുടര്‍ന്ന് നായയുടെ കാലുകള്‍ക്ക് പരിക്കേല്‍ക്കുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്തിരുന്നു.

ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍, പ്രതിക്കെതിരെ ബൈന്ദൂര്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it