കര്‍ണാടകയില്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി പണിമുടക്ക്; ബസ് സര്‍വീസുകള്‍ സ്തംഭിച്ചു; യാത്രക്കാര്‍ വലഞ്ഞു

വേതന പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്

ബെംഗളൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളിലെ ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇതേതുടര്‍ന്ന് സംസ്ഥാനത്തുടനീളമുള്ള പൊതു ബസ് സര്‍വീസുകള്‍ സ്തംഭിക്കുകയും യാത്രക്കാരെ ദുരിതത്തിലാക്കുകയും ചെയ്തു.

വേതന പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. സമരത്തിനെതിരെ കോടതി സ്റ്റേ ഉണ്ടായിരുന്നിട്ടും യൂണിയനുകള്‍ പണിമുടക്കുമായി മുന്നോട്ട് പോവുകയായിരുന്നു. ഡിപ്പോകളില്‍ ബസുകള്‍ നിര്‍ത്തിയിട്ടു, ചില ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതിനാല്‍ ചുരുക്കം ചിലത് മാത്രമേ ഓടുന്നുള്ളൂ.

ഗ്രാമപ്രദേശങ്ങളില്‍ ചില ബസുകള്‍ സര്‍വീസ് നടത്തി. ചില ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ നിന്നും വിട്ടുനിന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ പോകാന്‍ തടസമുണ്ടായില്ലെന്ന് ഗതാഗത വകുപ്പിലെ വൃത്തങ്ങള്‍ പറഞ്ഞു.

സാഹചര്യം കൈകാര്യം ചെയ്യാന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ ട്രെയിനി ബസ് ഡ്രൈവര്‍മാരെ നിയോഗിച്ചതായുള്ള വിവരങ്ങളും പുറത്തുവരുന്നു. ബെംഗളൂരു, ചിക്കമഗളൂരു, റായ്ച്ചൂര്‍, ചിത്രദുര്‍ഗ, ഹുബ്ബള്ളി, ധാര്‍വാഡ്, ബെലഗാവി, മംഗളൂരു, മൈസൂരു, തുമകുരു, ഹാസന്‍, മടിക്കേരി, ശിവമോഗ, കലബുറഗി തുടങ്ങിയ പ്രധാന നഗരങ്ങളിലെ ബസ് സ്റ്റാന്‍ഡുകളില്‍ യാത്രക്കാരുടെ വന്‍ തിരക്കായിരുന്നു. ആയിരക്കണക്കിനാളുകളാണ് വാഹനമില്ലാതെ കുടുങ്ങിക്കിടക്കുന്നത്.

ബംഗളൂരുവില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ അമിത നിരക്ക് ഈടാക്കുന്നതായി ചില യാത്രക്കാര്‍ പരാതിപ്പെട്ടു.

കര്‍ണാടക സര്‍ക്കാരും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം നടത്താന്‍ തീരുമാനിച്ചത്. 38 മാസത്തെ ശമ്പള കുടിശ്ശിക നല്‍കണമെന്നും 2024 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വേതന പരിഷ്‌കരണം നല്‍കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.

കര്‍ണാടക ഹൈക്കോടതി പണിമുടക്കിന് ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചിട്ടും, യൂണിയനുകള്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുകയായിരുന്നു. പൊതുഗതാഗതം മുഴുവന്‍ സ്തംഭിച്ചാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലാകുമെന്ന് തിങ്കളാഴ്ച ഹൈക്കോടതി പറഞ്ഞിരുന്നു. സര്‍ക്കാരുമായുള്ള യൂണിയന്‍ പ്രതിനിധികളുടെ ചര്‍ച്ചകളുടെ തീരുമാനം അറിയുന്നതിനായി കാത്തിരിക്കുന്നതിനാല്‍ ചൊവ്വാഴ്ച വരെ കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. സമരം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും യൂണിയനുകളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍ രണ്ട് വര്‍ഷത്തെ കുടിശ്ശിക മാത്രം നല്‍കാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനത്തിലും ശമ്പള പരിഷ്‌കരണത്തെക്കുറിച്ച് വ്യക്തമായ ഉറപ്പ് ലഭ്യമാകാത്തതിനാലും സമരവുമായി മുന്നോട്ടുപോകാന്‍ യൂണിയനുകള്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കെ.എസ്.ആര്‍.ടി.സി സ്റ്റാഫ് ആന്‍ഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് എച്ച് വി അനന്ത സുബ്ബറാവു പറഞ്ഞു. 38 മാസത്തെ മുഴുവന്‍ കുടിശ്ശികയും വേണമെന്നാണ് ഇവരുടെ ആവശ്യം. കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെ, ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വേതന പ്രശ്നങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ബെഞ്ച് സര്‍ക്കാരിനോട് കാലതാമസത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു.

Related Articles
Next Story
Share it