പ്രതിശ്രുത വരനെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

സുള്ള്യ: പ്രതിശ്രുത വരനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. സുള്ള്യ ബലീല ദേരംപാലു ആര്‍സി ഹൗസിലെ ഷീനപ്പ റായിയുടെ മകന്‍ ഹരീഷ് റായിയെ ആണ് കാണാതായത്. ഇതുസംബന്ധിച്ച് കുടുംബം ബെല്ലാരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
കഴിഞ്ഞ 13 വര്‍ഷമായി പുത്തൂരിലെ ഒരു സ്വകാര്യ ധനകാര്യ കമ്പനിയില്‍ സീനിയര്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു ഹരീഷ്. ഒരു അകന്ന ബന്ധുവുമായി അടുത്തിടെയാണ് ഹരീഷിന്റെ വിവാഹനിശ്ചയം നടന്നത്. മാര്‍ച്ച് 20 ന് രാവിലെ, ജോലിക്ക് പോകുന്നതിനുമുമ്പ് തന്റെ പ്രതിശ്രുത വധുവിന്റെ വീട്ടില്‍ പോകുകയാണെന്ന് ഹരീഷ് വീട്ടുകാരെ അറിയിച്ചിരുന്നു.
വൈകുന്നേരം 5 മണിക്ക് തിരിച്ചെത്തുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ രാവിലെ 7:30 ഓടെ ബൈക്കില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ ഹരീഷ് വൈകുന്നേരം 6 മണിയായിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ പ്രതിശ്രുത വധുവിനെ വിളിച്ച് അന്വേഷിച്ചു.
വിട് ളയിലേക്ക് പോകേണ്ടതിനാല്‍ രാവിലെ ഹരീഷ് തന്നെ ബൈക്കില്‍ കയറ്റി പുത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിട്ടു എന്നായിരുന്നു യുവതി ബന്ധുക്കളോട് പറഞ്ഞത്. സ്വര്‍ണ്ണം വാങ്ങാന്‍ മംഗളൂരുവിലേക്ക് പോകുകയാണെന്നും അറിയിച്ചിരുന്നുവെന്നും യുവതി പറഞ്ഞു.
ഉച്ചയ്ക്ക് 12 മണിക്ക് ഹരീഷിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും യുവതി വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് വീട്ടുകാരും സഹപ്രവര്‍ത്തകരും ഹരീഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല.
മംഗളൂരുവിലുള്ള ബന്ധുക്കളെയും ബന്ധപ്പെടാന്‍ ശ്രമിച്ചു എന്നാല്‍ ഫലമുണ്ടായില്ലെന്ന് വീട്ടുകാര്‍ പറയുന്നു. തുടര്‍ന്നാണ് പരാതിയുമായി കുടുംബം പൊലീസിനെ സമീപിച്ചത്. ഹരീഷിനെ എത്രയും വേഗം കണ്ടെത്തണമെന്ന് മൂത്ത സഹോദരന്‍ വെങ്കപ്പ റായ് പൊലീസിനോട് അഭ്യര്‍ഥിച്ചു.