ബെംഗളൂരു എടിഎം പണം കവര്‍ച്ചയില്‍ വന്‍ ട്വിസ്റ്റ് : 7.11 കോടിയുടെ കൊള്ളയ്ക്ക് പിന്നില്‍ പൊലീസ് കോണ്‍സ്റ്റബിള്‍; പ്രതി അറസ്റ്റില്‍

പൊലീസ് കോണ്‍സ്റ്റബിള്‍ അപ്പണ്ണ നായക്കും, മലയാളിയായ സിഎംഎസ് ഇന്‍ഫോ സിസ്റ്റം ലിമിറ്റഡിലെ മുന്‍ ജീവനക്കാരനുമാണ് പിടിയിലായത്‌

ബെംഗളൂരു: ബെംഗളൂരു എടിഎം പണം കവര്‍ച്ചയില്‍ വന്‍ ട്വിസ്റ്റ്. 7.11 കോടിയുടെ കൊള്ളയ്ക്ക് പിന്നില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ എന്ന് കണ്ടെത്തല്‍. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. പണവും കണ്ടെത്തി. ചെന്നൈയില്‍ നിന്നാണ് പണം കണ്ടെത്തിയത്. ആന്ധ്രയിലെ ചിറ്റൂരില്‍ നിന്ന് ചെന്നൈയിലേക്ക് പണം കടത്തുകയായിരുന്നു. അഞ്ച് പേരടങ്ങുന്നതാണ് കവര്‍ച്ച സംഘമെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു.

ബുധനാഴ്ച പട്ടാപ്പകലാണ് നഗരത്തെ ഞെട്ടിച്ച 7.11 കോടി രൂപയുടെ വന്‍ കവര്‍ച്ച നടന്നത്. എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 7 കോടി രൂപയാണ് കൊള്ളയടിച്ചത്. സ്വകാര്യ കമ്പനിയുടെ വാനില്‍ വന്ന് ഇറങ്ങിയവരാണ് പണം കവര്‍ന്നത്. ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് നികുതി വകുപ്പ് കവര്‍ച്ചക്കാര്‍ എത്തിയത്. എടിഎമ്മിന് മുന്നിലെത്തിയ ഇവര്‍ പണവും വാനിലെ ജീവനക്കാരെയും കാറില്‍ കയറ്റിക്കൊണ്ടുപോവുകയും ജീവനക്കാരെ പിന്നീട് വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ജയനഗറിലെ അശോക പില്ലറിന് സമീപമാണ് കവര്‍ച്ച നടന്നത്.

സംഭവത്തില്‍ ഗോവിന്ദരാജനഗര്‍ പൊലീസ് സ്റ്റേഷനില്‍ സേവനമനുഷ്ഠിക്കുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ അപ്പണ്ണ നായക് ഉള്‍പ്പെടെ രണ്ട് പേരെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് അറസ്റ്റുവിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടത്. ഇത് ഒരു പ്രധാന വഴിത്തിരിവാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വ്യാഴാഴ്ച രാത്രി ഷിഫ്റ്റിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കോണ്‍സ്റ്റബിളിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും വെള്ളിയാഴ്ച പുലര്‍ച്ചെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അറസ്റ്റിലായ രണ്ടാമത്തെ പ്രതി സിഎംഎസ് ഇന്‍ഫോ സിസ്റ്റം ലിമിറ്റഡിലെ മുന്‍ ജീവനക്കാരനാണ്. മലയാളിയായ ഇദ്ദേഹം അടുത്തിടെ കമ്പനിയില്‍ നിന്ന് രാജിവച്ചിരുന്നു.

ഇരുവരും ഏകദേശം ആറ് മാസമായി സുഹൃത്തുക്കളായിരുന്നുവെന്നും ദീര്‍ഘകാലമായി കവര്‍ച്ച ആസൂത്രണം ചെയ്തുവരികയാണെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. മുന്‍ ജീവനക്കാരന്റെ കമ്പനിയുടേതാണ് കവര്‍ച്ച ചെയ്യാന്‍ എത്തിയ കാര്‍ എന്നാണ് വിവരം. കവര്‍ച്ച നടന്ന സ്ഥലത്തിന് സമീപമുള്ള മൊബൈല്‍ ടവര്‍ ഡാറ്റ വിശകലനം ചെയ്തതില്‍ നിന്നാണ് ഈ കാര്യങ്ങളെല്ലാം വ്യക്തമായത്. സമീപ പ്രദേശങ്ങളിലെ സജീവ നമ്പറുകള്‍ സംഘങ്ങള്‍ തിരിച്ചറിഞ്ഞു. കൂടാതെ കവര്‍ച്ച നടന്ന സമയത്ത് കോണ്‍സ്റ്റബിളും മുന്‍ ജീവനക്കാരനും നിരവധി തവണ ഫോണ്‍ കോളുകള്‍ നടത്തിയതായും അതിനു മുമ്പുള്ള ദിവസങ്ങളില്‍ പതിവായി ബന്ധപ്പെട്ടിരുന്നതായും കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡുകള്‍ (സിഡിആര്‍) വ്യക്തമാക്കുന്നു.

സംഭവത്തിന് ശേഷം മോഷ്ടാക്കളെ കണ്ടെത്താന്‍ അതിര്‍ത്തി പരിശോധനകളും റോഡ് ബ്ലോക്കുകളും ഏര്‍പ്പെടുത്തിയിരുന്നെങ്കിലും, കവര്‍ച്ചക്കാര്‍ അതിവദഗ്ധമായി രക്ഷപ്പെട്ടു. സംഘം ഇപ്പോള്‍ തമിഴ് നാട്ടിലോ ആന്ധ്രാപ്രദേശിലോ കടന്നിരിക്കാമെന്ന് പൊലീസിനെ വിശ്വസിപ്പിക്കാനും കവര്‍ച്ചാ സംഘം ശ്രമിച്ചു. അതിന് തെളിവാണ് കൊള്ളക്കാര്‍ ഉപയോഗിച്ച വാഹനം ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ തിരുപ്പതിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

മോഷ്ടാക്കളെ കണ്ടെത്താന്‍ 200 പേര്‍ അടങ്ങുന്ന എട്ട് പ്രത്യേക സംഘങ്ങള്‍

പ്രതികളെ കണ്ടെത്താന്‍ ബെംഗളൂരു പൊലീസ് 200 പേര്‍ അടങ്ങുന്ന എട്ട് പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചത്. സംഭവം സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തുവരുമെന്നാണ് പ്രതീക്ഷ.

Related Articles
Next Story
Share it