മഹേഷ് ഷെട്ടി തിമറോഡിക്ക് ആശ്വാസം: നാടുകടത്തല്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
ദക്ഷിണ കന്നഡ ജില്ലയില്‍ നിന്ന് റായ്ച്ചൂരിലെ മാന്‍വി താലൂക്കിലേക്ക് നാടുകടത്താനുള്ള ഉത്തരവാണ് സ്റ്റേ ചെയ്തത്

ബെംഗളൂരു: മഹേഷ് ഷെട്ടി തിമറോഡിക്ക് ആശ്വാസമായി നാടുകടത്തല്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ദക്ഷിണ കന്നഡ ജില്ലയില്‍ നിന്ന് റായ്ച്ചൂരിലെ മാന്‍വി താലൂക്കിലേക്ക് നാടുകടത്താനുള്ള ഉത്തരവാണ് ഹൈക്കോടതി ഒരു വര്‍ഷത്തേക്ക് സ്റ്റേ ചെയ്തത്. സ്റ്റേ ആവശ്യപ്പെട്ട് തിമറോഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.
ഒക്ടോബര്‍ 8 വരെ അദ്ദേഹത്തിനെതിരെ നിര്‍ബന്ധിത നടപടി സ്വീകരിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. പുത്തൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റെല്ല വര്‍ഗീസാണ് നാടുകടത്തല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന് പിന്നാലെ തിമറോഡി ഒളിവില്‍ പോയി. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഹൈക്കോടതിയില്‍ നിന്നും ഇപ്പോള്‍ അനുകൂലമായ വിധി വന്നതോടെ, തല്‍ക്കാലം നാടുകടത്തലില്‍ നിന്നും രക്ഷപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അതേസമയം, വസതിയില്‍ അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് തിമറോഡിക്ക് കോടതി മൂന്ന് നോട്ടീസുകള്‍ അയച്ചിരുന്നു. എന്നാല്‍ മൂന്ന് തവണയും അദ്ദേഹം അന്വേഷണത്തിന് ഹാജരായില്ല. അറസ്റ്റ് ഭയന്ന് മംഗളൂരു സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.