ജോലി ലഭിക്കാത്ത നിരാശയില്‍ യുവാവ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച 'ചരമക്കുറിപ്പ്' വൈറലാകുന്നു

ജോലി കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയില്‍ സമയവും പണവും പാഴാക്കിയതിന് തൊഴിലുടമകള്‍ക്ക് നന്ദിയും അറിയിക്കുന്നുണ്ട്‌

ബെംഗളൂരു: ജോലി ലഭിക്കാത്ത നിരാശയില്‍ യുവാവ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച 'ചരമക്കുറിപ്പ്' വൈറലാകുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി തൊഴിലില്ലാത്തതിനെ തുടര്‍ന്ന് മനോവിഷമത്തിലായ ബെംഗളൂരുവില്‍ നിന്നുള്ള പ്രശാന്ത് ഹരിദാസ് എന്ന യുവാവാണ് പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിംഗിനായി ഉപയോഗിക്കുന്ന പ്ലാറ്റ് ഫോമായ ലിങ്ക് ഡ് ഇനില്‍ സ്വന്തം 'ചരമക്കുറിപ്പ്' പങ്കിട്ടത്. തന്റെ ഫോട്ടോയ്‌ക്കൊപ്പം പങ്കിട്ട അതുല്യവും വൈകാരികവുമായ ഈ പോസ്റ്റ് അധികം വൈകാതെ തന്നെ സോഷ്യല്‍ മീഡിയ കീഴടക്കി.

ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് അനുഭവിച്ച മാനസികവും വൈകാരികവുമായ സംഘര്‍ഷങ്ങളാണ് യുവാവ് കുറിപ്പില്‍ പങ്കുവച്ചത്.

പ്രശാന്തിന്റെ കുറിപ്പ്:

'നന്ദി, ലിങ്ക് ഡ് ഇന്‍. തൊഴിലുടമകളേ, നന്ദി. എന്റെ അപേക്ഷകള്‍ അവഗണിച്ചതിന് നന്ദി. ജോലി കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയില്‍ എന്റെ സമയവും പണവും പാഴാക്കിയതിന് നന്ദി. ഈ പോസ്റ്റിന് ശേഷം ആരും എന്നെ ജോലിക്കെടുക്കില്ലെന്ന് എനിക്കറിയാം. RIP.'

ജോലി ലഭിച്ചില്ലെന്ന് കരുതി ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും പ്രശാന്ത് വ്യക്തമാക്കുന്നു. 'തൊഴിലിന്റെ കാര്യത്തില്‍ മാത്രമാണ് താന്‍ മരിച്ചതെന്നും' അദ്ദേഹം വ്യക്തമാക്കി, 'ഞാന്‍ ജീവിതത്തെ സ്‌നേഹിക്കുന്നു, അതുകൊണ്ടുതന്നെ ഞാന്‍ അത് അവസാനിപ്പിക്കാന്‍ പോകുന്നില്ല' എന്നും പ്രശാന്ത് പോസ്റ്റില്‍ പറയുന്നു.

വികാര ഭരിതമായ ഈ ചരമക്കുറിപ്പിനോട് ലിങ്ക് ഡ് ഇന്‍ ഉപയോക്താക്കള്‍ വ്യാപകമായരീതിയിലാണ് പ്രതികരിച്ചത്. പലരും പ്രശാന്തിനോട് സഹാനുഭൂതിയും പിന്തുണയും പ്രോത്സാഹനവും പ്രകടിപ്പിച്ചു. എന്നിരുന്നാലും പ്രശാന്തിനെ പോലെ തന്നെ ജോലി ലഭിക്കാത്ത നിരവധി പേര്‍ ഈ സമൂഹത്തില്‍ ഉണ്ടെന്ന കാര്യവും അവര്‍ പങ്കുവയ്ക്കുന്നു.

Related Articles
Next Story
Share it