ഐപിഎല്‍ വിജയാഘോഷ ദുരന്തം; ഡി കുന്‍ഹയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; സംഘാടകര്‍ ഗുരുതര വീഴ്ച വരുത്തി

പോലീസ് സാന്നിധ്യം ദൃശ്യമായിരുന്നെങ്കിലും, ഉദ്യോഗസ്ഥര്‍ മുന്‍കരുതലോടെ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആര്‍സിബി) ഐപിഎല്‍ വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ സംഘാടകര്‍ക്കെതിരെ ഗുരുതരമായ വീഴ്ചകളാണ് കണ്ടെത്തിയിരിക്കുന്നത്. വിരമിച്ച ഹൈക്കോടതി ജസ്റ്റിസ് മൈക്കല്‍ ഡി കുന്‍ഹയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

11 പേര്‍ കൊല്ലപ്പെടുകയും 47 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് ആര്‍സിബി, ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ്, കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (കെ.എസ്.സി.എ) എന്നിവരെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. വെള്ളിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിധാന സൗധ ഓഫീസില്‍ രണ്ട് മുദ്രവച്ച വാല്യങ്ങളിലായി ഔദ്യോഗികമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒരു മാസം നീണ്ടുനിന്ന അന്വേഷണത്തിനാണ് ഇതോടെ പര്യവസാനമായത്.

ജൂണ്‍ 4 ന് ആണ് ആര്‍സിബിയുടെ ചരിത്രപരമായ ആദ്യ ഐപിഎല്‍ കിരീട വിജയം ആഘോഷിക്കാന്‍ ലക്ഷക്കണക്കിന് ആരാധകര്‍ സെന്‍ട്രല്‍ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തടിച്ചുകൂടിയത്. എന്നാല്‍ ആഹ്ലാദപ്രകടനങ്ങള്‍ പെട്ടെന്ന് ദുരന്തത്തില്‍ കലാശിച്ചു. അനിയന്ത്രിതമായ ജനക്കൂട്ടത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ ഡെപ്യൂട്ടി കമ്മീഷണറുടെ ആഭ്യന്തര അന്വേഷണം, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ (സിഐഡി) ക്രിമിനല്‍ അന്വേഷണം, ഏറ്റവും പ്രധാനമായി, ജസ്റ്റിസ് മൈക്കല്‍ ഡി കുന്‍ഹയുടെ നേതൃത്വത്തില്‍ ഒരു സ്വതന്ത്ര അന്വേഷണം എന്നിവ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ഒന്നിലധികം തലങ്ങളിലുള്ള അന്വേഷണം പ്രഖ്യാപിച്ചു.

ജസ്റ്റിസ് ഡി കുന്‍ഹയുടെ റിപ്പോര്‍ട്ട് ഭയാനകമായ വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം മാനേജ്മെന്റ്, ഇവന്റ് സംഘാടകരായ ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ് നെറ്റ് വര്‍ക്കുകള്‍, കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരുടെ കടുത്ത അശ്രദ്ധ, പ്രൊഫഷണലല്ലാത്ത ആസൂത്രണം, പൊതു സുരക്ഷയെ പൂര്‍ണ്ണമായും അവഗണിക്കല്‍, തുടങ്ങിയവയാണ് തിക്കിലും തിരക്കിലും പിന്നീടുണ്ടായ ദുരന്തത്തിലും കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ആരോപിക്കുന്നത്.

വിജയാഘോഷ വേളയില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ ടീം മാനേജ്മെന്റ് പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കപ്പെടുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, പരിപാടിക്ക് കൃത്യമായ ആസൂത്രണമോ, അധികാരികളുമായുള്ള ഏകോപനമോ, ഇത്രയും ജനപങ്കാളിത്തം ഉണ്ടാകുമെന്ന പ്രതീക്ഷയോ ഉണ്ടായിരുന്നില്ല.

ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ് പരിപാടി മോശമായി കൈകാര്യം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. കമ്പനി അടിസ്ഥാന സുരക്ഷാ പ്രോട്ടോക്കോളുകള്‍ അവഗണിച്ചു, പരിധിക്കപ്പുറം പ്രവേശനം അനുവദിച്ചു. നിയുക്ത പ്രവേശന, എക്‌സിറ്റ് റൂട്ടുകള്‍ സൃഷ്ടിക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടതാണ് ദുരന്തത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്രയും വലിയ ഒരു പരിപാടിക്ക് സുരക്ഷാ നടപടികള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടതിന് സ്റ്റേഡിയം നിയന്ത്രിക്കുന്ന കെഎസ്സിഎയും ഉത്തരവാദിയാണ്. 1.5 ലക്ഷത്തിലധികം ആരാധകരുടെ പങ്കാളിത്തം പ്രതീക്ഷിച്ചിട്ടും അത്രയും സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടു. ബാരിക്കേഡുകള്‍, ക്യൂ സംവിധാനങ്ങള്‍, മെഡിക്കല്‍ എയ്ഡ് സ്റ്റേഷനുകള്‍, അടിയന്തര എക്‌സിറ്റുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

'സംഘാടകരും പൊലീസും സ്റ്റേഡിയം അധികൃതരും തമ്മിലുള്ള ആശയവിനിമയത്തില്‍ തകര്‍ച്ചയുണ്ടായി,' 'ജനക്കൂട്ടം ഇരമ്പി എത്തുമെന്നതിന്റെ സൂചനകള്‍ ഉണ്ടായിരുന്നിട്ടും പ്രതിരോധ നടപടികളൊന്നും സ്വീകരിച്ചില്ല'- എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസിന്റെ പങ്കും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. പോലീസ് സാന്നിധ്യം ദൃശ്യമായിരുന്നെങ്കിലും, ഉദ്യോഗസ്ഥര്‍ മുന്‍കരുതലോടെ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. തിരക്ക് സംബന്ധിച്ച മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെട്ടു, ജനക്കൂട്ടത്തെ സുരക്ഷിതമായ രീതിയില്‍ വഴിതിരിച്ചുവിടാനോ പിരിച്ചുവിടാനോ ആരും ശ്രമിച്ചില്ല.

പോലീസും പരിപാടിയുടെ സംഘാടകരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനത്തിന്റെ അഭാവം ദുരന്തത്തില്‍ കലാശിച്ചു.

റിപ്പോര്‍ട്ട് ലഭിച്ചതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രധാന വകുപ്പുകളുമായുള്ള കൂടിയാലോചകള്‍ക്ക് ശേഷം ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടിയും നിയമനടപടിയും എടുത്തേക്കാമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംഭവത്തിന് പിന്നാലെ പൊതുജന രോഷം വര്‍ദ്ധിച്ചിരുന്നു. ഇരകളുടെ കുടുംബങ്ങള്‍ നീതി തേടി രംഗത്തുവരികയും ചെയ്തിരുന്നു. ഇതോടെ സമ്മര്‍ദ്ദത്തിലായ സര്‍ക്കാര്‍, ഭാവിയില്‍ ഇത്തരം പരിപാടികള്‍ നടത്തുമ്പോള്‍ ദുരന്തങ്ങള്‍ തടയാന്‍ കര്‍ശനമായ നയ മാറ്റങ്ങള്‍ പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഈ സംഭവം ബെംഗളൂരുവിനെ മാത്രമല്ല, കായിക, വിനോദ സമൂഹത്തെയും ഒരുപോലെ പിടിച്ചുകുലുക്കി. വലിയ തോതിലുള്ള പൊതു പരിപാടികള്‍ നടത്തുന്ന എല്ലാ സംഘാടകര്‍ക്കും ഇത് ഒരു പാഠമാകണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ആരാധകര്‍ അവരുടെ ടീമിന്റെ ദീര്‍ഘകാലമായി കാത്തിരുന്ന വിജയം ആഘോഷിക്കാന്‍ എത്തിയെങ്കിലും, നഗരത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനത്തിനാണ് അവര്‍ സാക്ഷ്യം വഹിച്ചത്. ജസ്റ്റിസ് ഡികുന്‍ഹയുടെ റിപ്പോര്‍ട്ട് പൊതു സുരക്ഷ, ഉത്തരവാദിത്തം, അശ്രദ്ധയുടെ വില എന്നിവയെക്കുറിച്ചുള്ള കടുത്ത ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

Related Articles
Next Story
Share it