ARRESTED | ബെംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് ഉടമയുടെ കൊലപാതകം: ഭാര്യയും അമ്മായിയമ്മയും അറസ്റ്റില്‍

ബെംഗളൂരു: റിയല്‍ എസ്റ്റേറ്റ് ഉടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യയും അമ്മായിയമ്മയും അറസ്റ്റില്‍. 37 വയസ്സുള്ള റിയല്‍ എസ്റ്റേറ്റ് ഉടമ ലോകനാഥ് സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഭാര്യ യശസ്വിനി(19), അമ്മ ഹേമ ബായി എന്നിവര്‍ അറസ്റ്റിലായത്. സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
മാര്‍ച്ച് 22 ന് വൈകുന്നേരം സോളദേവനഹള്ളിയിലെ ബി.ജി.എസ് ലേഔട്ടിലെ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന് സമീപമാണ് ലോകനാഥ് സിങ്ങിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ബിസിനസ് വൈരാഗ്യത്തെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും കൊലപാതകത്തിന് പിന്നില്‍ ഞെട്ടിപ്പിക്കുന്ന ഒരു വ്യക്തിവൈരാഗ്യം ഉണ്ടെന്ന് പിന്നീട് പൊലീസ് കണ്ടെത്തി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സിങ്ങിന്റെ ഭാര്യ യശസ്വിനി മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ വിവാഹം കഴിച്ചു. അധികം വൈകാതെ തന്നെ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. ഇതിനിടെ സിങ്ങിന് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച യശസ്വിനി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി.
മാര്‍ച്ച് 22 ന് സിങ്ങിനെ പ്രലോഭിപ്പിച്ച് ബാഗലൂരിനടുത്തുള്ള ഒരു മീറ്റിംഗിന് സോളദേവനഹള്ളിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ഭക്ഷണത്തില്‍ ഉറക്ക ഗുളികകള്‍ കലര്‍ത്തി. ഭക്ഷണം കഴിച്ചു സിംഗ് മയങ്ങിയതോടെ അമ്മയും മകളും ചേര്‍ന്ന് കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
ഇരുവരും കുറ്റവാളിയാണെന്ന് കണ്ടെത്തിയതോടെ കോടതി പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.