21കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി വാടകമുറിയില്‍ മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ പൊലീസ് തിരയുന്നു
ആചാര്യ കോളേജില്‍ അവസാന വര്‍ഷ ബിബിഎം വിദ്യാര്‍ത്ഥിനിയായ ദേവിശ്രീ ആണ് മരിച്ചത്

ബെംഗളൂരു: 21കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ വാടകമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരു തമ്മനഹള്ളിയില്‍ ആന്ധ്രാപ്രദേശ് സ്വദേശിയായ ദേവിശ്രീ ആണ് മരിച്ചത്. ദേവിശ്രീയുടെ ആണ്‍ സുഹൃത്ത് പ്രേം വര്‍ധനായി പൊലീസ് തെരച്ചില്‍ തുടങ്ങി. ആചാര്യ കോളേജില്‍ അവസാന വര്‍ഷ ബിബിഎം വിദ്യാര്‍ത്ഥിനിയായ ദേവിശ്രീ ആണ്‍ സുഹൃത്ത് പ്രേംവര്‍ധനൊപ്പം രാവിലെ 9:30 മണിയോടെയാണ് ഇവിടെ എത്തിയത്. സുഹൃത്തായ മാനസയുടെ ഫ് ളാറ്റിലേക്ക് ആണ് പ്രേംവര്‍ധന്‍ ദേവിശ്രീയുമായി എത്തിയത്. രാത്രി 8.30 വരെ ഇരുവരും വീടിനകത്ത് കഴിഞ്ഞു.
11 മണിക്കൂറോളം ഈ ഫ് ളാറ്റില്‍ ചെലവിട്ടശേഷം പ്രേം വാതില്‍ പൂട്ടി സ്ഥലം വിടുകയായിരുന്നു. ജോലിക്ക് പോയിരുന്ന മാനസ രാവിലെ മടങ്ങിയെത്തിയപ്പോഴാണ് മുറിക്കകത്ത് ദേവിശ്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്ധ്രപ്രദേശ് സ്വദേശിയും നിലവില്‍ ബെംഗളൂരുവില്‍ താമസിക്കുകയും ചെയ്യുന്ന ജയന്ത് ടി (23) എന്നയാള്‍ മദനായകനഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ആന്ധ്രാപ്രദേശിലുള്ള ദേവിശ്രീയുടെ മാതാപിതാക്കളെയും കോളേജ് അധികൃതരെയും വിവരമറിയിച്ചത് മാനസയാണ്. പിന്നാലെ മതനായകനഹള്ളി പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ദേവിശ്രീയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
പ്രേം വര്‍ധനാണ് കൊലപ്പെടുത്തിയത് എന്ന് സംശയിക്കുമ്പോഴും ദേവിശ്രീയെ കൊന്നത് എന്തിനാണെന്ന് മാത്രം വ്യക്തമായില്ലെന്ന് പൊലീസ് പറയുന്നു. പ്രേം പിടിയിലാകുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസും ബന്ധുക്കളും. പ്രേമിനെ കുറിച്ച് നിര്‍ണായക സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും എത്രയും വേഗം അയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പൊലീസ് വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 103(1) പ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

