ധര്‍മ്മസ്ഥല കേസിലെ പ്രതി ചിന്നയ്യക്ക് അഭയം നല്‍കി; മഹേഷ് ഷെട്ടി തിമറോടിയുടെ വീട്ടില്‍ എസ്.ഐ.ടി റെയ്ഡ്

തിരച്ചിലില്‍ ചിന്നയ്യയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്

ബെല്‍ത്തങ്ങാടി: ധര്‍മ്മസ്ഥല കേസില്‍ പ്രതി ചിന്നയ്യക്ക് അഭയം നല്‍കിയെന്നാരോപിച്ച് മഹേഷ് ഷെട്ടി തിമറോടിയുടെ ഉജിരെയിലെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) റെയ്ഡ്. എസ്.ഐ.ടി അന്വേഷണ ഉദ്യോഗസ്ഥന്‍ ജിതേന്ദ്ര കുമാര്‍ ദയാമിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ 9:20 ഓടെയാണ് റെയ്ഡ് നടത്തിയത്.

തിങ്കളാഴ്ച ബെല്‍ത്തങ്ങാടി കോടതിയില്‍ നിന്ന് ലഭിച്ച സെര്‍ച്ച് വാറണ്ടുമായെത്തിയ സംഘം പ്രതി ചിന്നയ്യയെ മഹേഷ് ഷെട്ടി തിമറോടിയുടെ വീട്ടിലെത്തിച്ച് പരിസരം മുഴുവനും പരിശോധിച്ചു. തിരച്ചിലില്‍ എസ്.ഐ.ടി ഉദ്യോഗസ്ഥര്‍ ചിന്നയ്യയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

മഹേഷ് ഷെട്ടി തിമറോടി കഴിഞ്ഞ രണ്ട് മാസമായി ചിന്നയ്യക്ക് ഉജിരെയിലെ വസതിയില്‍ അഭയം നല്‍കിയിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ ചിന്നയ്യയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റെയ്ഡ്. മഹേഷ് ഷെട്ടി തിമറോടിയുടെ സഹോദരന്‍ മോഹന്‍ ഷെട്ടിയുടെ വീട്ടിലും സംഘം റെയ്ഡ് നടത്തി.

ബുറുഡെ സംഘത്തിന്റെ യോഗങ്ങളും ആസൂത്രണ സെഷനുകളും പലപ്പോഴും തിമറോഡിയുടെ വസതിയില്‍ വെച്ചാണ് നടന്നിരുന്നതെന്ന് എസ്.ഐ.ടി വൃത്തങ്ങള്‍ പറയുന്നു. അതുകൊണ്ട് തന്നെയാണ് സംഘം ഇവിടെ പരിശോധന നടത്തിയതും.

ചിന്നയ്യയുടെ സമീപകാല വാര്‍ത്താസമ്മേളനങ്ങള്‍, മുഖംമൂടികളില്ലാതെ നല്‍കിയ അഭിമുഖങ്ങള്‍, വ്ളോഗര്‍ സമീറിന്റെ നിരവധി യൂട്യൂബ് വീഡിയോകള്‍ എന്നിവ ഈ വീട്ടില്‍ വെച്ചാണ് റെക്കോര്‍ഡ് ചെയ്തതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് റെയ്ഡ് നടത്താനുള്ള നീക്കവുമായി അന്വേഷണ സംഘം ഇവിടെ എത്തിയത്. സംഭവസ്ഥലത്ത് നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ.

റെയ്ഡ് സമയത്ത്, മഹേഷ് ഷെട്ടിയും അനുയായികളും വസതിയില്‍ ഉണ്ടായിരുന്നില്ല. മകനും മൂന്ന് സ്ത്രീകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊലീസ് പ്രദേശം വളഞ്ഞു. മഹേഷ് ഷെട്ടി തിമറോഡി കുഞ്ചാര്‍പ്പില്‍ നടന്നിരുന്ന ഗണേശോത്സവ ആഘോഷങ്ങളില്‍ എല്ലാ വര്‍ഷവും സജീവമായി പങ്കെടുത്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ബിജെപി ദേശീയ ജനറൽ സെക്രട്ടറി (സംഘടന) ബി.എൽ. സന്തോഷിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് അറസ്റ്റിലായ തിമ്മറോഡി നിലവിൽ ജാമ്യത്തിലാണ്.

Related Articles
Next Story
Share it