ബെല്‍ത്തങ്ങാടിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ബെല്‍ത്തങ്ങാടി: ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഗുരുവായനക്കെരെ-ഉപ്പിനങ്ങാടി സംസ്ഥാന പാതയിലെ ജരിഗെബൈലു പള്ളിക്ക് സമീപം വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് അപകടം സംഭവിച്ചത്.
ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിന് മുകളില്‍ ഒരു വലിയ മാവിന്റെ കൊമ്പ് ഒടിഞ്ഞുവീഴുകയായിരുന്നു.
ബെല്‍യാലു പെരിയഡ്കയ്ക്ക് സമീപം കര്‍പ്പു ഗുഡ്ഡെയില്‍ താമസിക്കുന്ന സഞ്ജീവിന്റെ ഇരട്ട കുട്ടികളില്‍ മൂത്തവനായ പ്രവീണ്‍ എസ്.എല്‍ (25) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മംഗളൂരുവിലെ ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു പ്രവീണ്‍.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പ്രവീണിനെ ഉടന്‍ തന്നെ പ്രദേശവാസികള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മൃതദേഹം ബെല്‍ത്തങ്ങാടി താലൂക്ക് സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പൊലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും അപകടസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.