ബെല്‍ഗാവിയിലെ റിസോര്‍ട്ടില്‍ 15 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു; കൗമാരക്കാരനടക്കം രണ്ടുപേര്‍ അറസ്റ്റില്‍
കേസില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്റെ മകന്‍ ഒളിവില്‍

മംഗളൂരു: ബെല്‍ഗാവി നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു റിസോര്‍ട്ടില്‍ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ കൗമാരക്കാരനുള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മകനും പ്രതിയാണെന്നും ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബെല്‍ഗാവി സ്വദേശിനിയായ പെണ്‍കുട്ടി പ്രതികളില്‍ ഒരാളോടൊപ്പം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള റിസോര്‍ട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് മറ്റ് രണ്ട് പ്രതികളും അവര്‍ക്കൊപ്പം ചേര്‍ന്നു. പ്രതികളിലൊരാളായ സാക്കിബ് റിസോര്‍ട്ടില്‍ ഒരു മുറി റിസര്‍വ് ചെയ്തിരുന്നു. അവിടെ നടന്ന പാര്‍ട്ടിക്കിടെ പ്രതികള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
പീഡനത്തിനുശേഷം പെണ്‍കുട്ടിയുടെ മാല പ്രതികളിലൊരാള്‍ തട്ടിയെടുക്കുകയും ചെയ്തു. മകളുടെ കഴുത്തില്‍ മാലയില്ലാത്തത് അമ്മ ശ്രദ്ധിക്കുകയും ഇതേക്കുറിച്ച് ചോദിക്കുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.