കുടുംബവഴക്ക്; ബുര്‍ഖ ധരിച്ച് ടെക്‌സ്‌റ്റൈല്‍സിലെത്തി കട ഉടമയെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു; ഭാര്യക്കെതിരെ കേസ്
ബിസി റോഡിലെ കൃഷ്ണകുമാര്‍ സോമയാജിയെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ ഭാര്യ ജ്യോതിക്കെതിരെയാണ് കേസ്

ബണ്ട്വാള്‍: കുടുംബവഴക്കിനെ തുടര്‍ന്ന് ടെക്‌സ്‌റ്റൈല്‍സ് കട ഉടമയെ ബുര്‍ഖ ധരിച്ച് ഷോപ്പിലെത്തി കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ ഭാര്യക്കെതിരെ കേസ്. ബിസി റോഡിലെ കൃഷ്ണകുമാര്‍ സോമയാജിയുടെ ഉടമസ്ഥതയിലുള്ള സോമയാജി ടെക്‌സ്‌റ്റൈല്‍സില്‍ സെയില്‍സ് വുമണായി ജോലി ചെയ്യുന്ന നമിതയുടെ പരാതിയിലാണ് പൊലീസ് ഭാര്യ ജ്യോതിക്കെതിരെ കേസെടുത്ത്. നവംബര്‍ 19 ന് വൈകുന്നേരം 7 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവ സമയത്ത് കടയില്‍ ജീവനക്കാരും ഉണ്ടായിരുന്നു. വൈകുന്നേരം കാഷ് കൗണ്ടറിലിരിക്കുകയായിരുന്ന കൃഷ്ണകുമാര്‍ സോമയാജിക്ക് നേരെ ബുര്‍ഖ ധരിച്ച ഒരു സ്ത്രീ ഉപഭോക്താവിന്റെ വേഷത്തിലെത്തി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഓടിരക്ഷപ്പെട്ടു.
ഉടന്‍ തന്നെ ജീവനക്കാര്‍ ഒരു ഓട്ടോറിക്ഷയില്‍ കൃഷ്ണകുമാറിനെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ എജെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അദ്ദേഹം ഇപ്പോള്‍ അപകടനില തരണം ചെയ്തു.
കൃഷ്ണകുമാറിന്റെ ഭാര്യ ജ്യോതി കെ ടി ആണ് അക്രമിയെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്കെതിരെ കേസെടുത്തെന്ന് പൊലീസ് പറഞ്ഞു. നേരത്തെ കടയിലെത്തിയ ജ്യോതി ഭര്‍ത്താവിനെതിരെ ഭീഷണി മുഴക്കിയിരുന്നതായും നമിതയുടെ പരാതിയില്‍ പറയുന്നു. ദമ്പതികള്‍ തമ്മില്‍ കുടുംബ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെന്നും ഈ വൈരാഗ്യം മൂലമാണ് ജ്യോതി കൃഷ്ണകുമാറിനെ കത്തികൊണ്ട് കൊല്ലാന്‍ ശ്രമിച്ചതെന്നുമാണ് ആരോപണം.
പരാതിയുടെ അടിസ്ഥാനത്തില്‍, ബണ്ട്വാള്‍ സിറ്റി പൊലീസ് ക്രൈം നമ്പര്‍ 131/2025, ബിഎന്‍എസ്-2023 ലെ സെക്ഷന്‍ 118(1), 118(2), 351(3), 109, ഇന്ത്യന്‍ ആയുധ നിയമം-1959 ലെ സെക്ഷന്‍ 2(1)(സി), 27 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

