ബണ്ട്വാളില്‍ ഇന്നോവ കാര്‍ സര്‍ക്കിളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 3 പേര്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

സര്‍ക്കിളിന്റെ അശാസ്ത്രീയ രൂപകല്‍പ്പനയാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികള്‍

ബണ്ട്വാള്‍: മംഗളൂരു-ബെംഗളൂരു ദേശീയപാതയില്‍ ബിസി റോഡില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ബെംഗളൂരു സ്വദേശികളായ രവി (64), നഞ്ചമ്മ (75), രമ്യ (23) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റവരില്‍ സുശീല, കീര്‍ത്തി കുമാര്‍, കിരണ്‍, ബിന്ദു, പ്രശാന്ത്, ഡ്രൈവര്‍ സുബ്രഹ്‌മണ്യ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരുടേയും നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ബെംഗളൂരുവില്‍ നിന്ന് ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലേക്ക് ക്ഷേത്രദര്‍ശനത്തിനായി ഇന്നോവ കാറില്‍ യാത്ര ചെയ്യുകയായിരുന്നു ഒമ്പതുപേരടങ്ങുന്ന സംഘം. പുലര്‍ച്ചെ 4:40 ഓടെ ബെംഗളൂരു ഭാഗത്തുനിന്ന് വരികയായിരുന്ന കാര്‍ ബിസി റോഡിലെ നാരായണ ഗുരു സര്‍ക്കിളില്‍ ഇടിച്ചാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റ് രണ്ട് പേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

സര്‍ക്കിളിന്റെ അശാസ്ത്രീയ രൂപകല്‍പ്പനയാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ട്രാഫിക് എസ് ഐ സുതേഷും ബണ്ട്വാള്‍ ട്രാഫിക് പൊലീസും സ്ഥലം സന്ദര്‍ശിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു.



Related Articles
Next Story
Share it