ടെക്‌സ്‌റ്റൈല്‍സ് കട ഉടമയായ ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഭാര്യ പൊലീസ് കസ്റ്റഡിയില്‍
ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്

ബണ്ട്വാള്‍: ബുര്‍ഖ ധരിച്ച് ടെക്‌സ്‌റ്റൈല്‍സ് കടയില്‍ കയറി കടയുടമയായ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ യുവതിയെ ബണ്ട്വാള്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ ജ്യോതി കെ ടിയെ കോടതിയില്‍ ഹാജരാക്കിയെങ്കിലും കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആക്രമണത്തില്‍ ഭര്‍ത്താവ് കൃഷ്ണകുമാര്‍ സോമയാജിയുടെ തലയ്ക്കും നെഞ്ചിനും കൈയ്ക്കും പരിക്കേറ്റെങ്കിലും ജീവന്‍ രക്ഷപ്പെട്ടു.
സോമയാജി ടെക്‌സ്‌റ്റൈല്‍സിന്റെ ഉടമയായ കൃഷ്ണകുമാര്‍ നവംബര്‍ 19 ന് വൈകുന്നേരം 7 മണിയോടെ ക്യാഷ് കൗണ്ടറില്‍ ഇരിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതിനിടെ ബുര്‍ഖ ധരിച്ച് ജ്യോതി ഒരു ഉപഭോക്താവിന്റെ വേഷത്തില്‍ കടയില്‍ എത്തി. ഹിന്ദിയില്‍ സംസാരിച്ച അവര്‍ നവജാത ശിശുവിന് തുണി ആവശ്യപ്പെട്ടു. കടയിലെ സെയില്‍സ് വുമണ്‍ തുണി മുറിക്കാന്‍ മുകളിലേക്ക് പോയപ്പോള്‍, പെട്ടെന്ന് ഒരു നിലവിളി കേട്ടു. താഴേക്ക് ഓടിവന്ന് നോക്കിയപ്പോള്‍ കണ്ടത് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ ജ്യോതി ഭര്‍ത്താവിനെ കുത്തുന്നതാണ്. സംഭവത്തില്‍ ഗുരുതരമായ പരിക്കുകളും രക്തപ്രവാഹവും ഉണ്ടായി.
ആക്രമണത്തിന് ശേഷം ജ്യോതി കടയില്‍ നിന്നും ഇറങ്ങിയോടി. കടയിലെ ജീവനക്കാരിയായ നമിത ഉടന്‍ തന്നെ ഒരു ഓട്ടോറിക്ഷയില്‍ മരണ വെപ്രാളത്തോടെ പിടയുന്ന കൃഷ്ണകുമാറിനെ ബി സി റോഡിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി പ്രഥമ ശുശ്രൂഷ നല്‍കി. പിന്നീട് അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി. പെട്ടെന്ന് തന്നെ വൈദ്യസഹായം ലഭിച്ചതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി. നമിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, ബണ്ട്വാള്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ അറസ്റ്റുചെയ്യുകയുമായിരുന്നു.
കൃഷ്ണകുമാറും ജ്യോതിയും 2010 ല്‍ ആണ് വിവാഹിതരായത്. ജ്യോതിയുടെ ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ടായിരുന്നു, 2024 ല്‍ സൂറത്ത് കലിനടുത്ത് വച്ചുണ്ടായ അസ്വാഭാവിക സാഹചര്യങ്ങളില്‍ കുട്ടി മരിച്ചു. കുട്ടിയുടെ മരണത്തെത്തുടര്‍ന്ന്, ദമ്പതികള്‍ക്കിടയില്‍ ദാമ്പത്യ തര്‍ക്കങ്ങള്‍ ഉടലെടുത്തു, ഇത് അവരെ വേര്‍പിരിഞ്ഞു താമസിക്കാന്‍ പ്രേരിപ്പിച്ചു. ദമ്പതികളുടെ കുടുംബപ്രശ്‌നങ്ങള്‍ സംബന്ധിച്ച് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഇതിനകം തന്നെ മറ്റൊരു പരാതി ഫയല്‍ ചെയ്തിരുന്നു. ഇരുവര്‍ക്കുമിടയില്‍ വഴക്കുകള്‍ പതിവായിരുന്നു, കൂടാതെ ജ്യോതി മുമ്പ് കടയിലെത്തി ഭര്‍ത്താവിന്റെ ജീവന് ഭീഷണിയും മുഴക്കിയിരുന്നു. നവംബര്‍ 19 ലെ ആക്രമണം ഇതിന്റെ തുടര്‍ച്ചയാണെന്നും കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ തന്നെയാണ് ആക്രമണം നടത്തിയതെന്നും പരാതിയില്‍ പറയുന്നു.
ജ്യോതിക്ക് കത്തിയും ബുര്‍ഖയും എവിടെ നിന്ന് ലഭിച്ചുവെന്നും സംഭവത്തില്‍ മറ്റുള്ളവര്‍ക്ക് പങ്കുണ്ടോ എന്നും കണ്ടെത്താന്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവിനെ കുത്തിക്കൊന്ന് ആരും അറിയാതെ രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്നോ, അതോ മറ്റൊരാളുടെ മേല്‍ കുറ്റം ചുമത്തി അധികൃതരെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നോ എന്നും, വേഷംമാറി വന്നതിന് പിന്നിലെ ഉദ്ദേശ്യം അതാണോ എന്നതിനെ കുറിച്ചെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി എല്ലാ കോണുകളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

