അപ്പാര്‍ട്ട് മെന്റിലെ ലിഫ്റ്റിനുള്ളില്‍ വീട്ടുജോലിക്കാരി വളര്‍ത്തുനായയെ ക്രൂരമായി അടിച്ച് കൊന്നു; ദൃശ്യങ്ങള്‍ സിസിടിവിയില്‍
നായയെ പരിപാലിക്കാന്‍ പ്രത്യേകമായി നിയമിച്ച പുഷ്പലത എന്ന ജോലിക്കാരിയാണ് കേസിലെ പ്രതി

ബെംഗളൂരു: അപ്പാര്‍ട്ട് മെന്റിലെ ലിഫ്റ്റിനുള്ളില്‍ വീട്ടുജോലിക്കാരി വളര്‍ത്തുനായയെ ക്രൂരമായി അടിച്ച് കൊലപ്പെടുത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബെംഗളൂരുവിലെ ബാഗലൂരിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ തിങ്കളാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്. ബെംഗളൂരുവിലെ ബാഗലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.
കൊലചെയ്യപ്പെട്ട ഗൂഫി എന്ന വളര്‍ത്തുമൃഗത്തിന്റെ ഉടമ രാശി പൂജാരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നായയെ പരിപാലിക്കാന്‍ പ്രത്യേകമായി നിയമിച്ച പുഷ്പലത എന്ന ജോലിക്കാരിയാണ് അതിനെ ലിഫ്റ്റിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയത്.
വളര്‍ത്തുമൃഗത്തെ പരിപാലിക്കുന്നതിനായി സ്ത്രീക്ക് ശമ്പളം നല്‍കുന്നതിന് പുറമെ തൊഴിലുടമയുടെ വസതിയില്‍ താമസവും ഭക്ഷണവും നല്‍കിയിരുന്നു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ പുഷ്പലത നായയെ ക്രൂരമായി ആക്രമിക്കുന്നതും ലിഫ്റ്റിലെ തറയിലേക്ക് വലിച്ചിടുന്നതും കാണാം.
പൂജാരിയുടെ സുഹൃത്ത് ശ്രദ്ധ ഗൗഡ പങ്കിട്ട സോഷ്യല്‍ മീഡിയ പോസ്റ്റില്‍, പ്രതി ആദ്യം കുറ്റകൃത്യം മറച്ചുവെക്കാന്‍ ശ്രമിച്ചതായി പറയുന്നുണ്ട്.
ഗൗഡയുടെ പോസ്റ്റ് ഇങ്ങനെ: ഗൂഫിയുടെ നിര്‍ജീവമായ ശരീരം വലിച്ചുകൊണ്ടാണ് പുഷ്പലത തിരിച്ചുവന്നത്, യാതൊരു പശ്ചാത്താപമോ വികാരമോ അവര്‍ക്കില്ലായിരുന്നു. ഗൂഫി പെട്ടെന്ന് മരിച്ചുവെന്നായിരുന്നു അവള്‍ സുഹൃത്തിനോട് പറഞ്ഞത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യഥാര്‍ത്ഥ വിവരം പുറത്തുവന്നത്. #justiceforgoofy എന്ന ഹാഷ്ടാഗോടെ ഗൗഡ എഴുതിയ പോസ്റ്റ് പെട്ടെന്ന് ശ്രദ്ധ നേടി.
പ്രതി നിലവില്‍ ബെംഗളൂരു പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് പോസ്റ്റ് സ്ഥിരീകരിച്ചു. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം അവര്‍ക്കെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് (FIR) ഫയല്‍ ചെയ്തിട്ടുണ്ട്.
മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം, 1960 ആണ് അനാവശ്യമായ കഷ്ടപ്പാടുകളില്‍ നിന്ന് മൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയിലെ പ്രധാന നിയമം. മൃഗങ്ങളെ അടിക്കുക, ചവിട്ടുക, അമിതമായി ജോലി ചെയ്യിപ്പിക്കുക, പട്ടിണിക്കിടുക, അവഗണിക്കുക, അല്ലെങ്കില്‍ ദോഷകരമായ സാഹചര്യങ്ങളില്‍ മൃഗങ്ങളെ ഒതുക്കി നിര്‍ത്തുക തുടങ്ങിയ നിരവധി ക്രൂരമായ പ്രവൃത്തികളെ ഇത് നിരോധിക്കുന്നു, കൂടാതെ മൃഗങ്ങളുടെ പോരാട്ടം, ദുരുപയോഗ പരിശീലനം തുടങ്ങിയ രീതികളും നിരോധിക്കുന്നു.
നിയമപ്രകാരമുള്ള നിലവിലെ ശിക്ഷകള്‍ കുറവാണെങ്കിലും, സെക്ഷന്‍ 11 പ്രകാരം 'ഭീകരമായ ക്രൂരത' എന്ന പുതിയ വിഭാഗം അവതരിപ്പിക്കാന്‍ ഒരു കരട് ഭേദഗതി നിര്‍ദ്ദേശിക്കുന്നു, കുറഞ്ഞത് 50,000 രൂപ മുതല്‍ പരമാവധി 75,000 രൂപ വരെ പിഴയും ഒരു മൃഗത്തെ കൊലപ്പെടുത്തിയാല്‍ കുറഞ്ഞത് 5 വര്‍ഷം തടവും ശിക്ഷ ലഭിക്കും.

