ധര്‍മ്മസ്ഥലയില്‍ കൂട്ട കൊലപാതകങ്ങള്‍ നടന്നുവെന്ന ആരോപണം അടിസ്ഥാനരഹിതം; അത് തന്നെ വേദനിപ്പിച്ചെന്നും വീരേന്ദ്ര ഹെഗ് ഡെ
ധര്‍മ്മസ്ഥലയെയും അതിന്റെ ട്രസ്റ്റിനെയും ലക്ഷ്യമിട്ടുള്ള ഒരു 'സംഘടിത പ്രചാരണം' 14 വര്‍ഷത്തിലേറെയായി നടക്കുന്നുണ്ടെന്നും ധര്‍മ്മാധികാരി

ബെംഗളൂരു: ധര്‍മ്മസ്ഥലയില്‍ കൂട്ട കൊലപാതകങ്ങള്‍ നടന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ക്ഷേത്ര ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ് ഡെ. സത്യം പുറത്തുകൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ച എസ്.ഐ.ടി അന്വേഷണത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അത് തെളിയിക്കേണ്ടത് ആവശ്യമാണ്.
അന്വേഷണങ്ങള്‍ എത്രയും വേഗം അവസാനിപ്പിച്ച് പ്രശ്‌നം പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനായി എല്ലാ സഹായവും ചെയ്തുകൊടുക്കും. കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പി.ടി.ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹെഗ് ഡെ.
ആരോപണം ഉന്നയിച്ച മുന്‍ ശുചീകരണ തൊഴിലാളി കാണിച്ചുകൊടുത്ത സ്ഥലങ്ങളിലെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ ഖനനം നടത്തിക്കഴിഞ്ഞു. രണ്ട് സ്ഥലങ്ങളില്‍ നിന്നും മാത്രമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതിന്റെ പരിശോധനാ ഫലം പുറത്തുവന്നശേഷമേ അത് മനുഷ്യന്റെ അവശിഷ്ടങ്ങളാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ നിയമസഭയിലെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി എസ്.ഐ.ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നായിരുന്നു മന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്.
ശ്രീ ധര്‍മ്മസ്ഥല മഞ്ജുനാഥേശ്വര കോളേജിലെ രണ്ടാം വര്‍ഷ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ സൗജന്യ (17) 2012 ഒക്ടോബര്‍ 9 ന് ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടതായുള്ള ആരോപണങ്ങള്‍ ഉയരുന്നുണ്ട്. പെണ്‍കുട്ടിക്ക് നീതി തേടി ഇപ്പോള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കപ്പെടുകയാണ്. ഈ സംഭവങ്ങളിലെല്ലൊം ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. അതിനുശേഷം സത്യാവസ്ഥ പുറത്തുവരും.
സൗജന്യയുടെ കൊലപാതകം സംബന്ധിച്ച കേസിനെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ സര്‍ക്കാരുമായി ബന്ധപ്പെട്ട് കുടുംബത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി. ഈ അവസരത്തില്‍ വിദ്യാഭ്യാസത്തിനായി വിദേശത്തായിരുന്നു കുടുംബാംഗങ്ങള്‍, അതിന്റെ രേഖകള്‍ ഹാജരാക്കിയിട്ടുണ്ട്. കുടുംബത്തിനെതിരെ നടക്കുന്നത് ദുഷ്ട പ്രചാരണങ്ങളാണെന്ന് പറഞ്ഞ ഹെഗ് ഡെ നേരത്തെ കേസില്‍ സിബിഐ അന്വേഷണം നടത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
'ഈ വിഷയങ്ങള്‍ അടിസ്ഥാനരഹിതവും വ്യാജവുമാണ്, ഈ ആരോപണങ്ങള്‍ എന്നെ ശരിക്കും വേദനിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ കാര്യങ്ങള്‍ പ്രചരിക്കുന്ന രീതി ധാര്‍മ്മികമായി തെറ്റാണ്' എന്നും ഹെഗ് ഡെ പറഞ്ഞു.
ധര്‍മ്മസ്ഥലയെയും അതിന്റെ ട്രസ്റ്റിനെയും ലക്ഷ്യമിട്ടുള്ള ഒരു 'സംഘടിത പ്രചാരണം' 14 വര്‍ഷത്തിലേറെയായി നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 'ഞങ്ങള്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങളില്‍ പ്രകോപിതരായ ചിലര്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നു, പക്ഷേ പുറത്തുവരുന്ന ആരോപണങ്ങളില്‍ ഞങ്ങള്‍ അസ്വസ്ഥരല്ലെന്നും അദ്ദേഹം പറഞ്ഞു.
ധര്‍മ്മസ്ഥലയില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായി അവകാശപ്പെടുന്ന മുന്‍ ശുചീകരണ തൊഴിലാളിയുടെ സമീപകാല വീഡിയോകള്‍ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെ:
ധര്‍മ്മസ്ഥലയില്‍ ഒരാള്‍ മരിച്ചാല്‍ അവര്‍ക്ക് മോക്ഷം ലഭിക്കുമെന്ന് ഒരു പൊതു വിശ്വാസമുണ്ട്. ഒരു മരണം സംഭവിക്കുമ്പോഴെല്ലാം ഞങ്ങള്‍ പഞ്ചായത്തിനെ അറിയിക്കുകയും അവര്‍ കൃത്യസമയത്ത് എത്തി മൃതദേഹം സംസ്‌കരിക്കുകയും ചെയ്യുന്നു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് സോഷ്യല്‍ മീഡിയ യുവമനസ്സുകളെ മലിനമാക്കിയതില്‍ ധര്‍മ്മാധികാരി ആശങ്ക പ്രകടിപ്പിച്ചു. യുവാക്കള്‍ വിശ്വാസത്തില്‍ നിന്ന് പിന്തിരിയണമെന്നാണ് ആരോപണം ഉന്നയിക്കുന്നവരുടെ ലക്ഷ്യമെന്നും ഹെഗ് ഡെ പറഞ്ഞു.
കാര്യങ്ങള്‍ ചിത്രീകരിക്കപ്പെട്ട രീതി കണ്ട് ഞെട്ടിപ്പോയി. സോഷ്യല്‍ മീഡിയ വളരെ ശക്തമായ മാധ്യമമാണ്, ഞങ്ങള്‍ ചെയ്യുന്ന നല്ല പ്രവൃത്തികള്‍ പരസ്യപ്പെടുത്താന്‍ ഒരിക്കലും സോഷ്യല്‍ മീഡിയ ഉപയോഗിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ അഭ്യുദയകാംക്ഷികള്‍ തന്നെ പറയുന്നുണ്ട്. സമൂഹത്തില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഞങ്ങളുടെ കടമയാണ്, അത് ഒരു പ്രതിബദ്ധതയും സേവനവുമാണ്. ഞങ്ങള്‍ എല്ലാ ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച് വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ ഇതുവരെ 55 ലക്ഷം കുടുംബങ്ങളെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്വത്ത് ദുരുപയോഗം സംബന്ധിച്ച ആരോപണങ്ങള്‍ നിരസിച്ച ഹെഗ് ഡെ, ഞങ്ങള്‍ക്ക് സ്വത്ത് എന്നൊന്നില്ലെന്ന് പറഞ്ഞു. കുടുംബത്തിന് വളരെ കുറച്ച് സ്വത്ത് മാത്രമേയുള്ളൂ, എല്ലാ സ്വത്തുക്കളും രേഖകളോടെ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണെന്നും അദ്ദേഹം പറഞ്ഞു.
സ്വത്തുക്കള്‍ സമ്പാദിച്ചതിന് രേഖാമൂലമുള്ള തെളിവുകളുണ്ട്. ട്രസ്റ്റ് കുടുംബാംഗങ്ങള്‍ സുതാര്യമായ രീതിയിലാണ് അത് കൈകാര്യം ചെയ്യുന്നത്. ഞങ്ങള്‍ നാല് സഹോദരന്മാരാണ്, ഒരു സഹോദരന്‍ ബെംഗളൂരുവില്‍ വിദ്യാഭ്യാസം നോക്കുന്നു, മറ്റേ സഹോദരന്‍ ഇവിടുത്തെ ക്ഷേത്രകാര്യങ്ങളും സാമൂഹിക പ്രവര്‍ത്തനങ്ങളും നോക്കുന്നു, എനിക്ക് ഒരു സഹോദരിയുണ്ട്, അവരുടെ ഭര്‍ത്താവ് വൈസ് ചാന്‍സലറാണ്. ധാര്‍വാഡിലെ എസ്.ഡി.എം സര്‍വകലാശാലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രസ്റ്റിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഹിന്ദു ക്ഷേത്രം കൈകാര്യം ചെയ്യുന്ന ഒരു ജൈന കുടുംബത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ഹെഗ് ഡെ പറഞ്ഞത് ഇങ്ങനെ:
ഈ ആരോപണത്തില്‍ സത്യമുണ്ടെന്ന് കരുതുന്നില്ല. എല്ലാ ആചാരങ്ങളും പിന്തുടരുന്ന ജൈനന്മാര്‍ നടത്തുന്ന നിരവധി ക്ഷേത്രങ്ങളുണ്ട്.' വിവാദം രാഷ്ട്രീയ വഴിത്തിരിവിലേക്ക് നയിച്ചുവെന്ന വാദങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. 'ഇല്ല, എനിക്ക് അങ്ങനെ തോന്നുന്നില്ല. കോണ്‍ഗ്രസ് നേതാക്കളും ഇവിടെ വന്നിട്ടുണ്ട്, ജെഡിഎസ് നേതാക്കളും വന്നിട്ടുണ്ട്. ചിലര്‍ ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു, എല്ലാ കക്ഷികളും ക്ഷേത്രത്തെ പിന്തുണച്ചിട്ടുണ്ട്,' എന്നായിരുന്നു ഹെഗ് ഡെയുടെ മറുപടി.
ധര്‍മ്മസ്ഥലത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയെക്കുറിച്ചുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയെ അദ്ദേഹം സ്വാഗതം ചെയ്തു. എന്ത് തെറ്റ് സംഭവിച്ചാലും അന്വേഷിക്കുകയും കുറ്റവാളി ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് സ്വാഭാവിക പ്രസ്താവനയാണെന്നും അദ്ദേഹം അങ്ങനെ പറഞ്ഞത് നല്ല കാര്യമാണെന്നുമായിരുന്നു ഹെഗ് ഡേയുടെ പ്രതികരണം. ക്ഷേത്ര അധികാരികളോ മറ്റാരെങ്കിലുമോ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടും. അത് ഒരു പക്ഷപാതമില്ലാത്ത പ്രസ്താവനയാണെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
ഈ ആരോപണങ്ങളൊന്നും ധര്‍മ്മസ്ഥലത്തിലുള്ള വിശ്വാസത്തെ ബാധിക്കില്ലെന്ന് ആവര്‍ത്തിച്ച ഹെഗ് ഡെ, ഞങ്ങള്‍ പതിവുപോലെ പൂജയും ആചാരങ്ങളും നടത്തുന്നു, ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ എണ്ണത്തിലോ ആചാരങ്ങളിലോ മാറ്റമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണത്തിന്റെ വേഗതയില്‍ ഹെഗ് ഡെ സംതൃപ്തി പ്രകടിപ്പിച്ചു. 'ആഭ്യന്തരമന്ത്രി ഒരു പ്രസ്താവന നടത്തിയിട്ടുണ്ട്. ഒരു ഇടക്കാല റിപ്പോര്‍ട്ട് നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഉടന്‍ തന്നെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവരും,' ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയുന്നതോടെ അപവാദ പ്രചാരണം അവസാനിക്കും, ക്ഷേത്രത്തെ പിന്തുണച്ച് ആളുകള്‍ ഇപ്പോള്‍ വലിയ തോതില്‍ മുന്നോട്ട് വന്നിട്ടുണ്ട്,' എന്നും അദ്ദേഹം പറഞ്ഞു.
'ഈ ഗൂഢാലോചനകള്‍ക്ക് പിന്നില്‍ ആരാണെന്ന് ഞങ്ങളുടെ സ്രോതസ്സുകളില്‍ നിന്ന് അറിവ് ലഭിച്ചിട്ടുണ്ട്. പക്ഷേ ഞങ്ങളുടെ പക്കല്‍ തെളിവുകളില്ല, അതിനാല്‍ ഞങ്ങള്‍ക്ക് ഒരു അഭിപ്രായവും പറയാന്‍ കഴിയില്ല, അന്വേഷണം നടത്തുമ്പോള്‍ അത് തെളിയിക്കേണ്ടത് എസ്.ഐ.ടിയാണ്,' എന്നും അദ്ദേഹം പറഞ്ഞു.
സിപിഎം പ്രാദേശിക നേതാവിന്റെ മകന്റെ വിവാഹ സര്‍ക്കാരത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നാല് കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചെടുത്തു.