8 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍
ചന്ദേശ്വര്‍ മതൂര്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരു: പരപ്പന അഗ്രഹാരയില്‍ എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് അയല്‍വാസിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ചന്ദേശ്വര്‍ മതൂര്‍ (36) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ കുടുംബത്തോടുള്ള വൈരാഗ്യമാണ് ചന്ദേശ്വറിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു.
എട്ടുവയസുകാരനായ രാമാനന്ദാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. രാമാനന്ദിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒരു ബാഗിലാക്കി തടാകത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ സാന്ദ്ര തടാകത്തില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു.
തുടര്‍ന്നാണ് ചന്ദേശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ കുട്ടിയെ താന്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചു. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.