സുഹാസ് ഷെട്ടി വധം; 8 പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പ്രധാന പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

മംഗളൂരു: ബജ് പെയില്‍ വി.എച്ച്.പി പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയെ (42) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന എട്ട് പ്രതികളെ കോടതി മെയ് 9 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അബ്ദുള്‍ സഫ് വാന്‍ (29), നിയാസ് (28), കലന്തര്‍ ഷാഫി (31), മുഹമ്മദ് മുസമ്മില്‍ (32), രഞ്ജിത്ത് (19), നാഗരാജ് (20), മുഹമ്മദ് റിസ് വാന്‍ (28), ആദില്‍ മെഹറുഫ് എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് മംഗളൂരു കോടതി ബജ് പെ പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്.

ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. മെയ് ഒന്നിനാണ് ബജ് പെയില്‍ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പ്രധാന പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

2022 ല്‍ മുഹമ്മദ് ഫാസില്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സുഹാസ് ഷെട്ടി മുഖ്യപ്രതിയായിരുന്നു. മുഹമ്മദ് ഫാസില്‍ വധത്തിനുള്ള പ്രതികാരമായാണ് കൊലപാതകം നടത്തിയത്. ഫാസിലിന്റെ സഹോദരന്‍ ആദില്‍ മെഹറുഫ് ഷെട്ടിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും കുറ്റകൃത്യത്തിനുള്ള പണം സ്വരൂപിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി.

ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ചിക്കമംഗളൂരുവിലെ കലാസയിലുള്ള ഒരു റിസോര്‍ട്ടില്‍ പ്രതികള്‍ ഒത്തുകൂടി സുഹാസ് ഷെട്ടി വധം ആസൂത്രണം ചെയ്തുവെന്ന് മംഗളൂരു പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു.

Related Articles
Next Story
Share it