പിണറായിയിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; ഒരാള്‍ അറസ്റ്റില്‍; സിപിഎം അനുഭാവിയെന്ന് പൊലീസ്

കണ്ണൂര്‍; പിണറായി വെണ്ടുട്ടായിയില്‍ ഉദ്ഘാടനം ചെയ്യാനിരുന്ന കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കനാല്‍ക്കര സ്വദേശി വിപിന്‍ രാജിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സി.പി.എം അനുഭാവിയാണെന്നാണ് പൊലീസ് പറയുന്നത്. ആക്രമണം നടന്ന കെട്ടിടം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഓഫീസ് ആക്രമിച്ചതിന് പിന്നില്‍ സി.പി.എം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ശനിയാഴ്ച രാത്രിയാണ് പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ഓഫീസ് അക്രമികള്‍ അടിച്ചു തകര്‍ത്തത്. സിസിടിവി ക്യാമറകള്‍ തകര്‍ത്തശേഷമായിരുന്നു ആക്രമണം. ജനല്‍ച്ചില്ലുകള്‍ തകര്‍ത്തതിനൊപ്പം പ്രധാനപ്പെട്ട വാതില്‍ തീയിട്ട് നശിപ്പിച്ചു. സിപിഎമ്മിനെ കടന്നാക്രമിച്ചാണ് കെ.സുധാകരന്‍ ഫേസ്ബുക്കില്‍ ഉദ്ഘാടന ചിത്രവും തകര്‍ന്ന ഓഫീസ് ചിത്രവും പങ്കുവെച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ നെഞ്ചോട് ചേര്‍ത്ത അനേകം പോരാളികളുടെ ചോര വീണ മണ്ണാണ് കണ്ണൂര്‍. ആ ചോരയിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ മൂവര്‍ണ്ണക്കൊടി വേരുപിടിച്ച് നില്‍ക്കുന്നത്. പ്രിയപ്പെട്ടവരുടെ ചോര കണ്ടു പോലും ഞങ്ങള്‍ ഭയന്ന് പിന്മാറിയിട്ടില്ല. ഓഫീസ് തല്ലി തകര്‍ത്താല്‍ കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്ന് ഇനിയെന്നാണ് സിപിഎമ്മിന്റെ ഗുണ്ടകള്‍ തിരിച്ചറിയുക എന്ന് നീളുന്നു പോസ്റ്റ്.

പോസ്റ്റിന്റെ മുഴുവന്‍ രൂപം

കോണ്‍ഗ്രസിനെ നെഞ്ചോട് ചേര്‍ത്ത അനേകം പോരാളികളുടെ ചോര വീണ മണ്ണാണ് കണ്ണൂര്‍. ആ ചോരയിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ മൂവര്‍ണ്ണക്കൊടി വേരുപിടിച്ച് നില്‍ക്കുന്നത്. പ്രിയപ്പെട്ടവരുടെ ചോര കണ്ടു പോലും ഞങ്ങള്‍ ഭയന്ന് പിന്മാറിയിട്ടില്ല. ഓഫീസ് തല്ലി തകര്‍ത്താല്‍ കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്ന് ഇനിയെന്നാണ് സിപിഎമ്മിന്റെ ഗുണ്ടകള്‍ തിരിച്ചറിയുക?

ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ തുടക്കകാലത്തെ സന്തതസഹചാരിയായിരുന്ന വെണ്ടുട്ടായി ബാബുവിനെ കുത്തിക്കൊന്നശേഷം ശവസംസ്‌കാരം പോലും നടത്താന്‍ സമ്മതിക്കാതിരുന്ന സിപിഎം ക്രൂരതയെ പറ്റി പലവട്ടം ഞാന്‍ പറഞ്ഞിട്ടുണ്ട്. ആ വെണ്ടുട്ടായിയിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പുതിയ ബൂത്ത് കമ്മിറ്റി ഓഫീസ് നിര്‍മിച്ചത്. രാത്രിയുടെ മറവില്‍ ഓഫീസ് തകര്‍ക്കുന്ന നാണംകെട്ട രാഷ്ട്രീയമാണ് സിപിഎം സ്വീകരിച്ചത്.

സിപിഎമ്മിന്റെ വെല്ലുവിളി സ്വീകരിച്ചു കൊണ്ടുതന്നെ ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചിട്ടുണ്ട്. എത്ര ഗുണ്ടകളെ ഇറക്കി നിങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചാലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മൂവര്‍ണ്ണക്കൊടി അവിടെ ഉയര്‍ന്നു പറക്കും . അതിനു സാക്ഷിയായി പ്രിയദര്‍ശിനി മന്ദിരവും അവിടെത്തന്നെ ഉണ്ടാകും.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it