രാത്രി വൈകിയും പുരുഷന്‍മാരെ മസാജ് ചെയ്യണമെന്ന് നിര്‍ബന്ധിക്കുന്നതായി ജീവനക്കാരിയുടെ പരാതി; പൊലീസ് എത്തിയതോടെ ഉടമയും ജീവനക്കാരും മുങ്ങി

നമ്പര്‍ പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം പഞ്ചായത്തിന്റെ നിര്‍ദ്ദേശപ്രകാരം അടച്ചുപൂട്ടി.

ചിറ്റാരിക്കാല്‍: രാത്രി വൈകിയും പുരുഷന്‍മാരെ മസാജ് ചെയ്യണമെന്ന് നിര്‍ബന്ധിക്കുന്നതായും വിസമ്മതിക്കുമ്പോള്‍ ഭക്ഷണം നല്‍കാതെ പീഡിപ്പിക്കുന്നതായും കാട്ടി ജീവനക്കാരിയുടെ പരാതി. ഇതോടെ പൊലീസും പഞ്ചായത്തും മസാജ് സെന്ററിനെതിരെ അന്വേഷണമാരംഭിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുനയംകുന്നില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ആയുര്‍വേദ മസാജ് സെന്ററില്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിനിക്കാണ് ഇത്തരത്തില്‍ ദുരനുഭവമുണ്ടായത്.

രാത്രി 9 മണിക്ക് ശേഷവും പുരുഷന്‍മാരെ മസാജ് ചെയ്യണമെന്ന് മാനേജ് മെന്റ് നിര്‍ബന്ധിക്കുകയാണെന്നും അനുസരിച്ചില്ലെങ്കില്‍ ഭക്ഷണം പോലും നല്‍കാറില്ലെന്നുമാണ് യുവതിയുടെ പരാതി. സെന്ററിലെ പീഡനം കാരണം കഴിഞ്ഞ ദിവസം യുവതി സമീപത്തെ വീട്ടില്‍ അഭയം തേടുകയും സമീപവാസികള്‍ പൊലീസിനെയും പഞ്ചായത്ത് അധികൃരെയും വിവരമറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മുനയം കുന്നില്‍ നമ്പര്‍പോലുമില്ലാത്ത കെട്ടിടത്തില്‍ അനധികൃതമായി മസാജ് സെന്റര്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്. പൊലീസ് എത്തിയപ്പോഴേക്കും ഉടമയും മറ്റ് ജീവനക്കാരും രക്ഷപ്പെട്ടു. തുടര്‍ന്ന് പഞ്ചായത്തിന്റെ നിര്‍ദ്ദേശപ്രകാരം സ്ഥാപനം പൂട്ടി.

പിന്നീട് പൊലീസ് സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാരി ജോലി ചെയ്ത ദിവസങ്ങളിലെ ശമ്പളം നല്‍കി പ്രശ്നം പരിഹരിച്ചു. അനധികൃത മസാജ് സെന്റര്‍ അടച്ചുപൂട്ടാന്‍ പഞ്ചായത്ത് നടപടി ആരംഭിച്ചിട്ടുണ്ട്.

Related Articles
Next Story
Share it