കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് യാര്‍ഡില്‍ വെള്ളക്കെട്ട്; ഓവുചാല്‍ കുഴയില്‍ വീണ് നിരവധി പേര്‍ക്ക് പരിക്ക്; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശവും നല്‍കി

കാഞ്ഞങ്ങാട്: കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി കോട്ടച്ചേരി പഴയ ബസ് സ്റ്റാന്‍ഡ് യാര്‍ഡ് കിളച്ചിട്ടതോടെ മഴയില്‍ ചെളിക്കുളമായി. സ്റ്റാന്‍ഡിനകത്ത് ഓവുചാല്‍ നിര്‍മിക്കാനായി കുഴി കുത്തി വച്ചതോടെ നിരവധി പേരാണ് ഇതില്‍ വീണത്. നാലോളം പേര്‍ക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശവും നല്‍കി. കാഞ്ഞങ്ങാട് സ്വദേശി പി.നവീന്‍ രാജ് നല്‍കിയ പരാതിയിലാണ് നടപടി. യാര്‍ഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ കുഴി തിരിച്ചറിയാതെയാണ് പലരും അപകടത്തില്‍പ്പെട്ടത്. ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ക്ക് പ്രവേശനം നിരോധിച്ച് രണ്ടുമാസം പിന്നിടാറാകുമ്പോഴും നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയില്ല.
ബസുകള്‍ സ്റ്റാന്‍ഡിനകത്ത് കയറാതെ മുന്‍വശത്ത് നിര്‍ത്തിയിടുന്നതിനാല്‍ ഗതാഗതക്കുരുക്കും രൂക്ഷമാവുകയാണ്. ഏപ്രില്‍ ഒന്നിനാണ് സ്റ്റാന്‍ഡ് അടച്ചിട്ടത്. ഒരു മാസം വരെ പ്രവൃത്തികള്‍ ഒന്നും ചെയ്യാതെ മെയ് ആദ്യവാരം പിന്നിട്ടപ്പോഴാണ് ടാറിങ് ഇളക്കി മാറ്റുന്ന ജോലി ചെയ്തത്. ഈ ജോലിയും കഴിഞ്ഞതോടെ വീണ്ടും അനിശ്ചിതത്വത്തിലായി. മഴ കൂടി തുടങ്ങിയതോടെ ഇനി നിര്‍മാണ പ്രവൃത്തി എന്ന് തുടങ്ങുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.