രണധീരരുടെ ഓര്‍മയ്ക്ക് സ്മാരകം; കരിന്തളത്ത് യുദ്ധ സ്മാരകം ഒരുങ്ങി

കാഞ്ഞങ്ങാട്: രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികരുടെ സ്മരണയ്ക്കായി കരിന്തളത്ത് യുദ്ധ സ്മാരകം ഒരുങ്ങി. കിനാനൂര്‍-കരിന്തളം സൈനിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ തോളേനിയില്‍ നിര്‍മ്മിച്ച സ്മാരകം ഞായറാഴ്ച രാവിലെ 9.30ന് രജിസ്ട്രേഷന്‍-മ്യൂസിയം-പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

സൈനിക കൂട്ടായ്മക്ക് പിന്തുണ നല്‍കിയവരെ ചടങ്ങില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ആദരിക്കും. ഐ.എ.എസ് യുദ്ധങ്ങളിലും വിവിധ സൈനിക ഓപ്പറേഷനുകളിലും പങ്കെടുത്ത സൈനികരെയും മുന്‍ സൈനികരെയും ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖരനും സെറമോണിയല്‍ പരേഡ് നടത്തുന്ന ആര്‍.ടി.സി പെരിങ്ങോം, എന്‍.സി.സി കേഡറ്റ്സ് എന്നിവരെ ജില്ലാ പൊലീസ് ചീഫ് വിജയ് ഭാരത് റെഡ്ഡിയും ആദരിക്കും. ചടങ്ങിന് മുന്നോടിയായി ഗാര്‍ഡ് ഓഫ് ഓണറും റീത്ത് ലെയിങ്ങ് സെര്‍മോണിയല്‍ പരേഡും നടക്കും.കരിന്തളം കൂട്ടായ്മയുടെ ആസ്ഥാന മന്ദിരമായ സൈനിക ഭവന്റെ ശിലാസ്ഥാപനവും ചടങ്ങില്‍ നടക്കും. സി.ആര്‍. പി.എഫ് പെരിങ്ങോം ആര്‍.ടി.സി പ്രിന്‍സിപ്പലും ഡി.ജി.പി യുമായ മാത്യു എ. ജോണ്‍ ചടങ്ങ് നിര്‍വഹിക്കും.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it