ബേഡഡുക്ക താലൂക്കാസ്പത്രിയില്‍ അക്രമം; ഒരാള്‍ക്കെതിരെ കേസ്

മുന്നാട് സ്വദേശി അതുല്‍രാജിനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്

ബേഡകം: ബേഡഡുക്ക താലൂക്കാസ്പത്രിയില്‍ ചികില്‍സക്കെത്തിയ ആള്‍ അക്രമം നടത്തിയതായി പരാതി. ഡോക്ടറെയും ജീവനക്കാരെയും അക്രമിക്കാന്‍ മുതിരുകയും എമര്‍ജന്‍സി കിടക്ക നിലത്തെറിഞ്ഞ് കേടുപാട് വരുത്തുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പ്രദീപയുടെ പരാതിയില്‍ മുന്നാട് സ്വദേശി അതുല്‍രാജി(18)നെതിരെ ബേഡകം പൊലീസ് കേസെടുത്തു.

കാഞ്ഞിരത്തിങ്കാലില്‍ പ്രവര്‍ത്തിക്കുന്ന ബേഡഡുക്ക താലൂക്കാസ്പത്രിയില്‍ മദ്യലഹരിയിലായിരുന്ന അതുലിനെ ചികില്‍സക്ക് കൊണ്ടുവന്നിരുന്നു. ഇതിനിടെ അക്രമാസക്തനായ അതുല്‍ എമര്‍ജന്‍സി കിടക്കയെടുത്ത് നിലത്തെറിയുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന അസി. സര്‍ജനെ ഭീഷണിപ്പെടുത്തുകയും ജീവനക്കാരെ അക്രമിക്കാന്‍ മുതിരുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പി. ജയശ്രി, ചൈത്ര, വീണ, മധുസൂദനന്‍ എന്നിവരെയാണ് അക്രമിക്കാന്‍ ശ്രമിച്ചത്. കിടക്കയ്ക്ക് കേടുപാടുണ്ടായതിനെ തുടര്‍ന്ന് 15,000 രൂപയുടെ നഷ്ടം സംഭവിച്ചു.

Related Articles
Next Story
Share it