രാത്രി സ്‌കൂട്ടറിലെത്തി 72കിലോ ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ഈസ്റ്റ് എളേരി അടുക്കളംപാടി സ്വദേശികളായ എം.പി രതീഷ്, ധനേഷ് ദാമോദരന്‍ എന്നിവരാണ് അറസ്റ്റിലായത്

കാഞ്ഞങ്ങാട്: രാത്രി സ്‌കൂട്ടറിലെത്തി സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് 72 കിലോ ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപ്രതികള്‍ അറസ്റ്റില്‍. ഈസ്റ്റ് എളേരി അടുക്കളംപാടി സ്വദേശികളായ എം.പി രതീഷ്(23), ധനേഷ് ദാമോദരന്‍(21) എന്നിവരെയാണ് കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെ രാഹുലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി പനത്തടി ചാമുണ്ഡിക്കുന്ന് സ്‌കൂളിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ ആള്‍താമസമില്ലാത്ത പറമ്പില്‍ നിന്നാണ് ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിച്ചത്. ചന്ദനം മുറിക്കുന്നത് നാട്ടുകാര്‍ കണ്ടതോടെ പ്രതികള്‍ സ്‌കൂട്ടറുമായി രക്ഷപ്പെടുകയായിരുന്നു. ഇവിടെ നിന്ന് കഷണങ്ങളാക്കിയ 72 കിലോ ചന്ദനമുട്ടികള്‍ കണ്ടെടുത്തു. ഇതുസംബന്ധിച്ച പരാതിയില്‍ കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ കഴിഞ്ഞദിവസമാണ് പ്രതികളെ കണ്ടെത്തുന്നത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.